മംഗലം -ഗോവിന്ദാപുരം സംസ്ഥാനപാതയിലെ കുഴികൾ താത്കാലികമായി അടച്ചു
1577842
Tuesday, July 22, 2025 2:06 AM IST
വടക്കഞ്ചേരി: മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാതയിൽ വാഹനയാത്രികരെ പേടിപ്പെടുത്തിയിരുന്ന കുഴികൾ വീണ്ടും മെറ്റലിട്ട് താത്കാലികമായി അടച്ചു. ഇന്നലെ ഉച്ചയോടെയാണ് കുഴിയടയ്ക്കൽ ചടങ്ങ് നടത്തിയത്. പാത തുടങ്ങുന്ന മംഗലംപാലം മുതൽ വള്ളിയോട് വരെ വരുന്ന ഒന്നര കിലോമീറ്ററിലെ ഏതാനും കുഴികളാണ് അടച്ചിട്ടുള്ളത്. മഴതുടങ്ങി ഒന്നര മാസത്തിനുള്ളിൽ ഇത് നാലാംതവണയാണ് കുഴിയടയ്ക്കൽ നടക്കുന്നത്.
ഇതിന് എത്രദിവസം ആയുസുണ്ടാകും എന്നൊക്കെ കണ്ടറിയണം. എന്തായാലും രണ്ടുമൂന്നുദിവസമെങ്കിലും കുഴിയിൽ ചാടി വാഹനത്തിന്റെ അടിഭാഗം തട്ടുന്നത് തത്കാലത്തേക്ക് ഒഴിവാകും എന്ന സമാധാനത്തിലാണ് വാഹനയാത്രികർ. സംസ്ഥാനപാതയിലെ കുഴികൾ മൂടി വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കണമെന്നും പാത നാലുവരിയാക്കി വികസിപ്പിക്കണമെന്നും കഴിഞ്ഞദിവസം വടക്കഞ്ചേരിയിൽ സമാപിച്ച സിപിഐ ജില്ലാ സമ്മേളനത്തിൽ പ്രമേയം പാസാക്കിയിരുന്നു.
സമ്മേളനത്തെ വരവേൽക്കുന്നത് തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡുകളാണെന്ന് ചൂണ്ടിക്കാട്ടി സമ്മേളനദിവസം ദീപികയിലും കുഴികളുടെ പടങ്ങൾ സഹിതം വാർത്ത നൽകുകയുണ്ടായി. ഇതെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് കുഴിയടയ്ക്കൽ നടത്തിയിട്ടുള്ളത്.