ഷൊർണൂർ -കുളപ്പുള്ളി റോഡിന്റെ ശനിദശയ്ക്കു പരിഹാരമായില്ല
1578075
Wednesday, July 23, 2025 1:29 AM IST
ഷൊർണൂർ: ഷൊർണൂർ-കുളപ്പുള്ളി റോഡിന്റെ ശനിദശക്ക് പരിഹാരമാകാതെ ദുരിതയാത്ര തുടരുന്നു. റോഡ് തകർന്ന് നാമാവശേഷമായിട്ടും അധികൃതർ അനങ്ങാത്ത സ്ഥിതിയാണ്. ഓരോ മഴക്കാലത്തും റോഡ് ചെളിക്കുളമാണ്. ഒട്ടേറെപേർ പരാതി നൽകിയിട്ടും പൊതുമരാമത്ത് വകുപ്പ് മെല്ലെപ്പോക്കു നയം തുടരുകയാണ്.
കുളപ്പുള്ളി - തൃശൂർ സംസ്ഥാനപാതയിൽ കുളപ്പുള്ളി മുതൽ പൊതുവാൾ ജംഗ്ഷൻ വരെയുള്ള തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന ജനകീയാവശ്യം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. മാസങ്ങൾക്കു മുമ്പാണ് കൊച്ചിപ്പാലം മുതൽ എസ്എംപി വരെയുള്ള റോഡ് നവീകരണം പൂർത്തിയാക്കിയത്. ഇതിനിടയിൽ തകർന്ന ഭാഗങ്ങളിൽ പല തവണകളായി താത്കാലികമായി കുഴിയടയ്ക്കുക മാത്രമാണു ചെയ്തത്. മഴയുള്ളതു കൊണ്ടാണ് നവീകരണം വൈകുന്നത് എന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പതിവായുള്ള മറുപടി.
ഷൊർണൂരിലെ പ്രധാന റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികളും ഭരണപക്ഷവും വരെ മുൻകാലങ്ങളിൽ സമരരംഗത്ത് ഇറങ്ങിയിരുന്നു. എന്നിട്ടും ഫലം ഒന്നും ഉണ്ടായില്ല. പാലക്കാട് – കുളപ്പുള്ളി പാതയിൽ അപകടങ്ങൾ വർധിക്കുന്നതിന്റെ പ്രധാനകാരണം തകർന്ന റോഡുകളാണെന്നാണു ബസുടമകൾ പറയുന്നത്.
കൃത്യമായ സമയത്തിന് ഓടിയെത്താൻ കഴിയാതെ സ്വകാര്യബസുകൾ പ്രതിസന്ധിയിലാവുകയാണ്. ഒറ്റപ്പാലം -തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾക്കു കൊച്ചിപ്പാലം മുതൽ കുളപ്പുള്ളി വരെ 10 മിനിറ്റോളം സമയനഷ്ടം ഉണ്ടാകുന്നുണ്ട്. ഈ ബസുകൾ കുളപ്പുള്ളിയിൽനിന്ന് ഒറ്റപ്പാലത്തേക്കു പോകുമ്പോൾ ഈ സമയനഷ്ടം നികത്താൻ ശ്രമിക്കുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത്.
പാലക്കാട്-ഗുരുവായൂർ റൂട്ടിലോടുന്ന ബസുകൾക്കും പട്ടാമ്പി മുതൽ കുളപ്പുള്ളി വരെയുള്ള ഭാഗങ്ങളിൽ തകർന്ന റോഡിൽ സമയനഷ്ടമുണ്ടാകുന്നുണ്ട്. പൊട്ടിത്തകർന്ന് കിടക്കുന്ന റോഡിൽ അപകടങ്ങൾ സംഭവിക്കുന്നത് പതിവായി തീർന്നിട്ടുണ്ട്. ഇത് ഏറ്റവും അധികം നടക്കുന്നത് ഷൊർണൂർ-കുളപ്പുള്ളി പാതയിലാണ്.