വടക്കഞ്ചേരി ടൗൺറോഡുകളിൽ നായ്ക്കൂട്ടങ്ങൾ; കുട്ടികൾക്കു തനിച്ചു പുറത്തിറങ്ങാനാകില്ല
1578084
Wednesday, July 23, 2025 1:29 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലും സമീപപ്രദേശങ്ങളിലും ഭീഷണിയായി തെരുവുനായ്ക്കൂട്ടങ്ങൾ. ഗ്രാമം, കമ്മാന്തറ, ചന്തപ്പുര, ബസ് സ്റ്റാൻഡ്, മാംസവില്പന കടകളുള്ള മെയിൻറോഡ്, ചെറുപുഷ്പം ജംഗ്ഷൻ, കാരയങ്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് നായ്ക്കൂട്ടങ്ങൾ വിലസുന്നത്.
നായ്ക്കൾ പെരുകിയതിനാൽ കുട്ടികൾക്ക് തനിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി.
വീടുകളുടെ ഗേറ്റിനു മുന്നിൽ തമ്പടിക്കുന്ന നിലയിലാണ് നായ്ക്കൾ. ആളുകൾക്ക് വീടുകളിലേക്കു കടക്കാനോ വീട്ടിൽനിന്ന് പുറത്തിറങ്ങാനോ കഴിയില്ല. ഗേറ്റ് തുറന്നാൽ നായ്ക്കൾ കൂട്ടംകൂടി പാഞ്ഞെത്തും.
കുട്ടികളെ സ്കൂളിലേക്കു തനിച്ചുവിടാൻ കഴിയാത്ത സ്ഥിതിയാണെന്നു രക്ഷിതാക്കൾ പറഞ്ഞു. നായശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.
ജനങ്ങളുടെ ഭീതിയകറ്റാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരവുമായി രംഗത്തുവരുമെന്നു ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗുരു പറഞ്ഞു.