അനധികൃതമായി കടത്തിയ ഡ്രോണുകളടക്കം വിമാനത്താവളത്തിൽ പിടികൂടി
1577838
Tuesday, July 22, 2025 2:06 AM IST
കോയമ്പത്തൂർ: അബുദാബിയിൽ നിന്ന് കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ 5 യാത്രക്കാരിൽനിന്ന് ഡ്രോണുകൾ, ഐഫോണുകൾ, മൈക്രോഫോണുകൾ, ഇ-സിഗരറ്റുകൾ എന്നിവ പിടിച്ചെടുത്തു.
യാത്രക്കാരുടെ ലഗേജുകൾ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരാണ് 5 യാത്രക്കാരുടെ ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ ഇവ കണ്ടെത്തിയത്. ഹൈടെക് ഡ്രോണുകൾ, ഐഫോണുകൾ ഉൾപ്പെടെയുള്ള വിലകൂടിയ സെൽ ഫോണുകൾ, ഇ-സിഗരറ്റുകൾ, ബാറ്ററികൾ, സ്മാർട്ട് വാച്ചുകൾ, മൈക്രോഫോണുകൾ എന്നിവ കണ്ടെത്തി.
ചെന്നൈ സ്വദേശി തമീം അൻസാരി, മുഹമ്മദ് അബുബക്കർ സാദിഖ്, കന്യാകുമാരി സ്വദേശി ബെനീഷ് ജെസുദാസൻ, കടലൂരിൽ നിന്നുള്ള മുത്തുരാജ, തഞ്ചാവൂരിൽ നിന്നുള്ള കമൽപാഷ എന്നിവരെ അറസ്റ്റ് ചെയ്തു.
പിടിച്ചെടുത്ത ഡ്രോണുകളുടെ മൂല്യം 15 ലക്ഷം രൂപയാണ്. സിഗരറ്റുകളുടെയും ഇ-സിഗരറ്റുകളുടെയും മൂല്യം 16 ലക്ഷം, ഐഫോണുകളും മൈക്രോഫോണുകളും ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യം 60 ലക്ഷം എന്നിങ്ങനെ ആകെ മൂല്യം 90 ലക്ഷം രൂപയാണ്.