ദേശീയപാതയിൽ സ്കൂളിനു മുമ്പിൽ വെള്ളക്കെട്ട്: അധികൃതർക്കു നിസംഗത
1577843
Tuesday, July 22, 2025 2:06 AM IST
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ സമീപം കല്ലടിക്കോട് ടിബി എയുപി സ്കൂളിനു സമീപം വെള്ളക്കെട്ട്. അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിൽ. കല്ലടിക്കോട് ടിബി യിൽ ഗവ.എൽപി സ്കൂളും എയുപി സ്കൂളും സ്ഥിതി ചെയ്യുന്നിടത്ത് ദേശീയപാതയോട് ചേർന്നുള്ള രൂക്ഷമായ വെള്ളക്കെട്ടും ചെളിയും രണ്ടു വിദ്യാലയത്തിലേക്കും വരുന്ന കുട്ടികളുടെ സഞ്ചാരത്തെ പ്രതിസന്ധിയിലാക്കുകയാണ്.
വെള്ളക്കെട്ടും ചെളിയും അപകടം ക്ഷണിച്ചുവരുത്തുന്നതിനാൽ അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്ക പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയാണെന്ന് പറഞ്ഞ് പരിഹരിക്കാനാവശ്യമായ ഒരുനടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. ചെറിയകുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്. മഴയുള്ളപ്പോൾ റോഡിന്റെ ഒരു വശത്ത് പൂർണമായും സ്കൂൾമതിലിനു ചുറ്റും മഴവെള്ളവും ചെളിയും കെട്ടിനിൽക്കുന്ന കാഴ്ചയാണ്. പൊതുവെ അപകടകേന്ദ്രമാണ്.