റബർതോട്ടങ്ങളിൽ അകാല ഇലകൊഴിച്ചിൽ വ്യാപകം; കർഷകർക്ക് വൻ സാമ്പത്തികനഷ്ടം
1577559
Monday, July 21, 2025 1:52 AM IST
ജോജി തോമസ്
നെന്മാറ: മഴക്കാലത്ത് റബർമരങ്ങളിലുണ്ടാകാറുള്ള അകാല ഇലപൊഴിച്ചിൽ വ്യാപകമായി. തോട്ടങ്ങളിൽ അതിവർഷംമൂലം തുടർച്ചയായി മഴലഭിക്കുന്നതിനാൽ അന്തരീക്ഷ ആർദ്രത കൂടിയതിനാലാണ് ഇലപൊഴിയുന്ന രോഗം വ്യാപിക്കാനിടയായത്.
മരങ്ങളിലെ പച്ച ഇലകൾ ചെറിയ പുള്ളികളുടെ വട്ടത്തിൽ ഉണങ്ങിയ രൂപത്തിൽ ആവുകയും ഞെട്ടോടെ ഇലകൾ കൊഴിഞ്ഞു വീഴുകയുമാണ് ചെയ്യുന്നത്. ഇതോടെ റബർഉത്പാദനം നേർപകുതിയായി കുറഞ്ഞു.
ഡിസംബർ ജനുവരി മാസങ്ങളിലുണ്ടാകുന്ന സ്വാഭാവിക ഇലപൊഴിച്ചലിനു സമാനമായാണ് ഇലകൾ കൊഴിഞ്ഞുവീണ് അഴുകിക്കിടക്കുന്നത്. പ്രധാന റബർ ഉത്പാദകമേഖലകളായ കരിമ്പാറ, പോത്തുണ്ടി, ഒലിപ്പാറ, മാങ്കുറിശ്ശി, നേർച്ചപ്പാറ എന്നിവിടങ്ങളിലെല്ലാം രോഗബാധ വ്യാപകമാണ്.
ബഹുഭൂരിപക്ഷം തോട്ടങ്ങളിലും മരങ്ങളിലെ 75 ശതമാനം ഇലകളും പത്തു ദിവസത്തിനകം കൊഴിഞ്ഞു.
കാറ്റോട്ടം കുറഞ്ഞ തോട്ടങ്ങളിലാണ് രോഗവ്യാപനം വ്യാപകമായത്.
മഴക്കാല ടാപ്പിംഗിനായി മഴമറ സ്ഥാപിച്ച് ടാപ്പിംഗ് ആരംഭിച്ച ഘട്ടത്തിലാണ് അമിത മഴമൂലം രോഗ വ്യാപനം വ്യാപകമായത്. ഇതോടെ പത്തുമരങ്ങളിൽനിന്ന് ഒരുഷീറ്റ് എന്ന ശരാശരി ഉത്പാദനം നേർ പകുതിയായി കുറഞ്ഞു.
ഇലകൾ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നതിനാൽ മഴക്കാലത്തുണ്ടാവാറുള്ള റബർമരങ്ങളുടെ വളർച്ചയ്ക്കും തടസമാകുന്നതായി കർഷകർ പറഞ്ഞു.
ഈ വർഷം മേയ് മാസം മുതൽ തന്നെ കനത്ത മഴയായതിനാൽ ബഹുഭൂരിപക്ഷം കർഷകർക്കും പ്രതിരോധ നടപടിയായി കോപ്പർ ഓക്സി ക്ലോറൈഡ് പൊടി സ്പ്രേ ഓയിലിൽ കലർത്തി തളിക്കാൻ കഴിഞ്ഞില്ല.
ഇത് രോഗവ്യാപനം വർധിക്കാനിടയാക്കി. മഴക്കാലത്ത് നിയന്ത്രണ മാർഗങ്ങൾ ഫലപ്രദമാകില്ല.
രോഗം പടരുന്നതിനാൽ പ്രതിരോധനടപടികൾ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നു റബർ ബോർഡ് അധികൃതരും പറയുന്നു.