തൃത്താല മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നിർമാണം സെപ്റ്റംബറോടെ പൂർത്തിയാക്കും
1578079
Wednesday, July 23, 2025 1:29 AM IST
പാലക്കാട്: തൃത്താല മണ്ഡലത്തിലെ റോഡ് നിർമാണ പ്രവൃത്തികളുടെ അവലോകന യോഗം മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. മണ്ഡലത്തിലെ 23 ഗ്രാമീണ റോഡുകളുടെ നിർമാണ പ്രവൃത്തികൾ സെപ്റ്റംബർ മാസത്തോടെ പൂർത്തീകരിക്കാൻ മന്ത്രി നിർദേശം നൽകി. മഴ മാറുന്ന മുറയ്ക്ക് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥരും കരാറുകാരും തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തൃത്താല പടിഞ്ഞാറങ്ങാടി റോഡ് നിർമാണത്തിൽ വീഴ്ച വരുത്തിയ കരാറുകാരനെ ഒഴിവാക്കാൻ മന്ത്രി നിർദേശിച്ചു. റീ ടെൻഡർ നടത്തി റോഡ് നിർമാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജൽജീവൻ പദ്ധതിക്ക് വേണ്ടി വാട്ടർ അഥോറിറ്റി പൊളിച്ച വളപ്പുള്ളിക്കാവ് ചാത്തന്നൂർ റോഡിലെ 600 മീറ്റർ ദൂരത്തെ റോഡ് നിർമാണം പുനരാരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. പിഡബ്ല്യുഡിയുടെ രേഖാമൂലമുള്ള അനുമതി ലഭിക്കാതെ വാട്ടർ അഥോറിറ്റി റോഡ് പൊളിക്കരുതെന്നും മന്ത്രി നിർദേശിച്ചു.
ബിഎം കഴിഞ്ഞ റോഡുകളുടെ ബിസി നിർമാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനും യോഗത്തിൽ നിർദേശിച്ചു. യോഗത്തിൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ പി.കെ. മിനി, എൽഎസ്ജിഡി എക്സിക്യൂട്ടീവ് എൻജിനീയർ അഭിലാഷ് കൃഷ്ണൻ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.