പള്ളിയിലേക്കുള്ള വഴി അടച്ചു; പ്രതിഷേധിച്ച് കുർബാന അർപ്പിച്ചു
1577839
Tuesday, July 22, 2025 2:06 AM IST
വാളയാർ: ഉടമസ്ഥാവകാശതർക്കത്തെതുടർന്ന് പള്ളിയിലേക്കുള്ള വഴി സ്വകാര്യവ്യക്തി ട്രാക്ടർ ഉപയോഗിച്ച് യാത്രായോഗ്യമല്ലാതാക്കിയതിനെ തുടർന്ന് കനാൽ പിരിവ് സെന്റ് ആന്റണീസ് പള്ളിയിലെ വിശ്വാസികൾ റോഡരികിൽ കുർബാന അർപ്പിച്ചു പ്രതിഷേധിച്ചു.
രാവിലെ നടന്ന കുർബാനയിൽ 400 പേർ പങ്കെടുത്തു. 40 വർഷമായി സെന്റ് ആന്റണീസ് പള്ളിയിലേക്കു പോവുന്ന വഴിയാണിത്.
അതേസമയം പള്ളിയിലേക്കുള്ള വഴി തന്റെ ഉടമസ്ഥതയിലുള്ളതാണെന്നും രേഖകൾ കയ്യിലുണ്ടെന്നും സ്വകാര്യ വ്യക്തി പറയുന്നു.
കുർബാനക്ക് പള്ളി വികാരി ഫാ. വിജയ്, കഞ്ചിക്കോട് പള്ളി കമ്മിറ്റി പ്രസിഡന്റ് ജോസഫ് അമൽരാജ്, സെക്രട്ടറി ദ്രവ്യയോശു, ഭാരവാഹികളായ ജോൺ പോൾ, ആന്റണി പോൾ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.
സംഭവത്തിൽ മുഖ്യമന്ത്രിക്കും ന്യൂനപക്ഷ വകുപ്പുമന്ത്രിക്കും ജില്ലാ പോലിസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ടെന്നു കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.