കാഞ്ഞിരപ്പുഴ ജലസേചന ടൂറിസം പദ്ധതിക്ക് സർക്കാർ അനുമതി
1577560
Monday, July 21, 2025 1:52 AM IST
പാലക്കയം: കാഞ്ഞിരപ്പുഴ ജലസേചന വിനോദസഞ്ചാര പദ്ധതിക്കു സർക്കാർ അനുമതി നൽകി. ഇതോടെ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രത്തെ വരവേൽക്കാനൊരുങ്ങുകയാണ് കാഞ്ഞിരപ്പുഴ പ്രദേശം.
പ്രവൃത്തി ഏറ്റെടുത്ത കോഴിക്കോട് എഫ്എസ്ഐടി റെഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായുള്ള കരാർ ഒപ്പിടൽ മാത്രാണ് ഇനി പൂർത്തിയാകാനുള്ളത്.
ഇതിന്റെ നടപടിക്രമങ്ങൾ രണ്ടുദിവസത്തിനകം പൂർത്തിയാകുമെന്നും നിർമാണോദ്ഘാടനം ഈ മാസം നടക്കുമെന്നും കെ. ശാന്തകുമാരി എംഎൽഎ പറഞ്ഞു. കാഞ്ഞിരപ്പുഴഡാം ഹോർട്ടികൾച്ചർ ഗാർഡൻ ആൻഡ് വാട്ടർ തീംപാർക്ക് പദ്ധതിയാണ് കാഞ്ഞിരപ്പുഴയിൽ യാഥാർഥ്യമാക്കുക.
167 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. 30 വർഷമാണ് പദ്ധതിയുടെ പ്രവർത്തന കാലാവധി. സർക്കാരിന്റെ വരുമാനവിഹിതം മൊത്തം വരുമാനത്തിന്റെ മൂന്നു ശതമാനമായിരിക്കും.
കുട്ടികളുടെ പാർക്ക്, മ്യൂസിക്കൽ ഫൗണ്ടൻ, മൃഗശാല, പക്ഷി- ചിത്രശലഭ പാർക്ക്, മറൈൻ അക്വേറിയം, സ്നോപാർക്ക്, വാട്ടർതീം പാർക്ക്, കണ്ണാടി തൂക്കുപാലം, സീപ്ലെയിൻ ഉൾപ്പെടെയാണ് വിഭാവനം ചെയ്യുന്നത്.
അമ്പതേക്കർ ഭൂമിയാണ് പദ്ധതിക്കായി വിനിയോഗിക്കുക. ഇത്രയുംസ്ഥലം ഉദ്യാനത്തിന് ഇരുവശത്തും ജലസേചനവകുപ്പ് ഓഫീസിന് പരിസരത്തുമായി വെറുതെ കിടക്കുന്നുണ്ട്. ഡാം സൈറ്റ് ഒഴികെ ബാക്കിയുള്ള ഭൂമിയാണ് ജലസേചന വിനോദസഞ്ചാര നയത്തിന്റെ ഭാഗമായുള്ള പദ്ധതിക്കായി പ്രയോജനപ്പെടുത്തുക.
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഐഐഡിസി) താത്പര്യപത്രം ക്ഷണിച്ചതിൽ ലഭിച്ച നാലു സ്വകാര്യ സംരംഭകരിൽ നിന്നാണ് കോഴിക്കോട് ആസ്ഥാനമായ കമ്പനിയെ തെരഞ്ഞെടുത്തത്. പദ്ധതി നടപ്പാക്കുന്നതിനു മാസങ്ങൾക്ക് മുൻപ് സർക്കാർ ഉത്തരവായിരുന്നു.
എന്നാൽ, കരാർ ഒപ്പിടുന്നതിനു മുൻപായി നിയമവകുപ്പിന്റെ പരിശോധനകൾ പൂർത്തിയാക്കേണ്ടതിനാലാണ് കമ്പനിയുടെ കരാർ അംഗീകരിക്കുന്നതിന് കാലതാമസം നേരിട്ടത്.
കാഞ്ഞിരപ്പുഴ വിനോദസഞ്ചാര പദ്ധതി ആവിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ. ശാന്തകുമാരി എംഎൽഎ നേരത്തെ വകുപ്പുമന്ത്രിയെ നേരിൽ കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ കാഞ്ഞിരപ്പുഴ, തച്ചമ്പാറ പഞ്ചായത്തുകളുടെ സമഗ്രവികസനവും നിരവധി തൊഴിലവസരങ്ങളും സാധ്യമാകുമെന്നു കെ. ശാന്തകുമാരി എംഎൽഎ പറഞ്ഞു.