ഒറ്റപ്പാലം- മണ്ണാർക്കാട് റോഡിൽ കുഴികൾ അടയ്ക്കൽ തുടങ്ങി
1578083
Wednesday, July 23, 2025 1:29 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം- മണ്ണാർക്കാട് റോഡിൽ കുഴികളടയ്ക്കൽ തുടങ്ങി. മാസങ്ങളായി തകർന്നുകിടക്കുന്ന റോഡാണിത്. മഴ തുടരുന്ന സാഹചര്യത്തിൽ താത്കാലിക പരിഹാരം എന്നനിലയിൽ ക്വാറിവേസ്റ്റ് തള്ളിയാണ് കുഴിയടയ്ക്കൽ.
മണ്ണാർക്കാട് റോഡിൽ ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ടിനു സമീപത്തെ കുഴിയിൽവീണ് ബൈക്ക് യാത്രക്കാരന് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. പാത തകർന്നുകിടക്കുന്ന ഈസ്റ്റ് ഒറ്റപ്പാലം മുതൽ മുരുക്കുംപറ്റ വരെയുള്ള ഭാഗത്തെ കുഴികളാണ് ആദ്യഘട്ടത്തിൽ അടച്ചത്. കഴിഞ്ഞ രാത്രിയാണ് റോഡിലെ കുഴിയിൽ ചാടിയ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് ചുനങ്ങാട് പിലാത്തറ തോട്ടത്തൊടിയിൽ കബീറിനു (48) പരിക്കേറ്റത്. ഒറ്റപ്പാലം ടൗണിൽ നിന്നു വീട്ടിലേക്കു പോകുന്നതിനിടെ പൂളക്കുണ്ട് ഭാഗത്തായിരുന്നു അപകടം. മഴയത്തു വെള്ളം കെട്ടിനിൽക്കുന്ന കുഴികൾ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. വലിയ റോഡിലെ വലിയ കുഴികൾ എല്ലാം അടയ്ക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നിർദേശം.
വരുംദിവസങ്ങളിൽ മറ്റു ഭാഗങ്ങളിലെയും കുഴികൾ അടയ്ക്കും. മഴ മാറിക്കഴിഞ്ഞാൽ ടാറിംഗ് നടത്തി നവീകരിക്കാനാണ് അധികൃതരുടെ തീരുമാനം.