മുടപ്പല്ലൂരിലെ വാട്ടർടാങ്ക് ഏതുനിമിഷവും നിലംപൊത്തുമെന്നു നാട്ടുകാർ
1577555
Monday, July 21, 2025 1:52 AM IST
വടക്കഞ്ചേരി: മുടപ്പല്ലൂർ ടൗണിൽ മംഗലംഡാം റോഡിൽ പെട്രോൾ പമ്പിനും വീടുകൾക്കും സമീപം ഏതുനിമിഷവും തകർന്നുവീഴാമെന്ന നിലയിൽ കൂറ്റൻ വാട്ടർടാങ്ക്.
മുപ്പതടിയോളം ഉയരമുള്ള ടാങ്കിന്റെ ഒരുഭാഗത്തെ രണ്ടു പില്ലറുകളുടെയും കമ്പികൾ തുരുമ്പിച്ച് ദ്രവിച്ച് തകർന്ന നിലയിലാണ്. മറ്റൊരു പില്ലറിൽ വലിയ വിള്ളലുകളുമുണ്ട്.
ഉപയോഗശൂന്യമായ വാട്ടർ ടാങ്കാണിത്. എന്നാൽ ഇപ്പോൾ മഴ പെയ്ത് ടാങ്കിൽ നിറയെ വെള്ളമുള്ള സ്ഥിതിയാണ്. മഴ മാറിനിൽക്കുമ്പോൾ വെള്ളം ചോർന്നൊലിക്കുന്നതും വ്യക്തമായി കാണാം. മഴക്കാലമായതോടെയാണ് ടാങ്കിൽ വെള്ളംനിറഞ്ഞ് ഭാരം താങ്ങാനാകാതെ പില്ലറുകൾ തകരാൻ തുടങ്ങിയിട്ടുള്ളത്.
ഏതുനിമിഷവും ഇവിടെ വലിയ ദുരന്തം സംഭവിക്കാമെന്ന സ്ഥിതിയാണെന്നു സമീപവാസികൾ പറയുന്നു. ടാങ്കിന്റെ ഒരുഭാഗം നിരയായി വീടുകളാണ്.
മറ്റൊരുവശത്ത് മംഗലംഡാം റോഡും വേറൊരുവശത്ത് പെട്രോൾ പമ്പുമാണ്. ഇതുകൂടാതെ സമീപത്തു തന്നെ ട്രാൻസ്ഫോർമറുമുണ്ട്. ടാങ്ക് ഏതുഭാഗത്തേക്കു തകർന്നു വീണാലും അപകടം ഒഴിവാകില്ലെന്ന സ്ഥിതിയാണ്. ടാങ്ക് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പലതവണ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിനും മന്ത്രിമാർക്കും വാട്ടർ അഥോറിറ്റിക്കും പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
പഞ്ചായത്താണ് നടപടിയെടുക്കേണ്ടത് എന്നുപറഞ്ഞ് എല്ലാവരും കൈയൊഴിയുകയാണ്. ഗഫൂർ മുടപ്പല്ലൂരിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വീണ്ടും നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.
ഇനിയും നടപടി വൈകിയാൽ ജീവൻ രക്ഷക്കായി സമരത്തിനിറങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.