മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
1577846
Tuesday, July 22, 2025 2:06 AM IST
നെന്മാറ: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരേ കരിങ്കൊടി പ്രതിഷേധം കാണിച്ച കോൺഗ്രസ് പ്രവർത്തകരെ നെന്മാറ പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനീഷ് കരിമ്പാറ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.ജി. രാഹുൽ എന്നിവരെ പുലർച്ചെ വീടുകളിൽ എത്തി അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ ആക്കിയിരുന്നു. തുടർന്ന് കൂടല്ലൂരിൽ വെച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനു പല്ലാവൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ്. രാമനാഥൻ, കുമാരൻ പല്ലാവൂർ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്.
വിത്തനശേരി ബ്ലോക്ക് ഓഫീസ് ജംഗ്ഷനിൽ ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുധീർ പാറക്കളം, പി. സുജിത് എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിയെ കരിങ്കൊടി കാണിച്ചു പ്രതിഷേധം അറിയിച്ചു. തുടർന്ന് മന്ത്രി പരിപാടി കഴിഞ്ഞ് തിരികെപോകുമ്പോൾ നെന്മാറ അയിനംപാടം ഡിഎഫ്ഒ ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ പ്രമോദ് തണ്ടലോട്, പപ്പൻ ചിറ്റിലഞ്ചേരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജാസ് കടമ്പടി എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിക്കെതിരേ കരിങ്കൊടിപ്രതിഷേധം അറിയിച്ചു.
കരിങ്കൊടിപ്രതിഷേധം അറിയിച്ചവരായ പ്രവർത്തകരെയും, കരുതൽതടവിലാക്കിയ നേതാക്കളെയും നെന്മാറ പോലീസ് സ്റ്റേഷനിൽനിന്ന് ജാമ്യത്തിൽ ഇറക്കി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആർ. അനൂപ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ കെ. വി. ഗോപാലകൃഷ്ണൻ, പ്രദീപ് നെന്മാറ, എസ്.എം. ഷാജഹാൻ, എ. മോഹനൻ. എ. രാധാകൃഷ്ണൻ, ആർ. വേലായുധൻ, എൻ. ഗോകുൽദാസ്, ബാബു വക്കാവ്, വൈ. അക്ബർ, ഡാനിഷ് മാത്യു, ഷനൂപ് പൂഞ്ചേരി, എസ്. പ്രശാന്ത്, എം.എം. മനോജ് എന്നിവർ നേതൃത്വം നൽകി.