പനംകുറ്റിയിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന
1578373
Thursday, July 24, 2025 1:47 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽക്കുളമ്പ്- പന്തലാംപാടം മേരിഗിരി മലയോര പാതയിൽ പനംകുറ്റി താമരപ്പിള്ളിയിൽ റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞ് കാട്ടാന. പനംകുറ്റിയിലെ വീട്ടിലേക്കു വാഹനത്തിൽ പോയിരുന്ന കുടുംബം രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്.
ആനയുടെ മുന്നിൽപ്പെട്ട പനംകുറ്റി അറയ്ക്കൽ സിബിയും കുടുംബവുമാണ് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.
ഭാര്യവീട്ടിൽനിന്നും മലയോരപാത പന്തലാംപാടം മേരിഗിരി വഴി പിക്കപ്പ് വാനിലാണ് സിബിയും ഭാര്യ ഷിനുവും മക്കളായ ആൻ മരിയ, ആൽവിൻ എന്നിവർ പോയിരുന്നത്.
വീടിനടുത്ത് എത്താറായപ്പോൾ താമരപ്പിള്ളിയിൽവച്ച് വഴിതടഞ്ഞ് ആന നിന്നു. ആളൊഴിഞ്ഞ പ്രദേശം, നന്നേ വീതി കുറഞ്ഞ റോഡ്, ഇതിനാൽ വാഹനം തിരിക്കാനും കഴിയില്ല. ധൈര്യം വിടാതെ വാഹനം ലൈറ്റിട്ടുനിർത്തി. കുറച്ചുസമയം കഴിഞ്ഞപ്പോൾ ആന തോട്ടത്തിലേക്ക് കയറിപ്പോയെന്നു സിബി പറഞ്ഞു.
നാടൊട്ടാകെ വിളനാശം
വാഹനങ്ങൾക്ക് ഭീഷണിയായി റോഡിൽനിന്ന ആന പിന്നീട് അർധരാത്രിയോടെ സമീപത്തെ തോട്ടങ്ങളിലിറങ്ങി വ്യാപകമായി വിളകൾ നശിപ്പിച്ചു. ടാർ റോഡിനോടു ചേർന്നുള്ള വരിക്കമാക്കൽ ജോസഫി (പാപ്പൻ) ന്റെ കൃഷിയിടത്തിലെ നിരവധി വാഴകളും തെങ്ങുകളും ആന നശിപ്പിച്ചു.
വാഴകൾ റോഡിലേക്കു വലിച്ചിട്ടാണ് ആന തിന്നിരുന്നതെന്നു സമീപത്തെ താമസക്കാരനായ മോഹനൻ പറഞ്ഞു.
ശബ്ദംകേട്ട് വീടിന്റെ മുറിക്കുള്ളിൽനിന്നും പുറത്തുവന്ന് നോക്കിയപ്പോൾ പത്തടി മാത്രം അകലത്തിൽ റോഡിൽ വലിയ ആന നിൽക്കുന്നതാണ് കണ്ടത്.
ഒറ്റക്കായിരുന്നതും സമയം അർധരാത്രിയുമായതിനാൽ വീട്ടിൽ നിന്നും പുറത്തിറങ്ങിയില്ലെന്ന് മോഹനൻ പറഞ്ഞു. ഇതിനിടെ തെങ്ങുകളുടെ പട്ട ഒടിക്കുന്ന ശബ്ദം കേട്ട് റോഡിന്റെ മറുഭാഗത്ത് താമസിക്കുന്ന ജോസഫ് ബഹളംവച്ചു. ലൈറ്റിട്ട് ബഹളമുണ്ടാക്കിയപ്പോൾ ആന മുകളിലേക്ക് കയറിപ്പോയതായി ജോസഫ് പറഞ്ഞു.
ഷാജൻ, ബേബി എന്നിവരുടെ തോട്ടങ്ങളിലും വിളനാശമുണ്ടാക്കിയിട്ടുണ്ട്. കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകളാണ് കൂടുതലും നശിപ്പിച്ചിട്ടുള്ളത്.
ഒരുമാസം മുമ്പും ഇവിടെ ആന വന്നിരുന്നെങ്കിലും റോഡിലിറങ്ങി വാഹനങ്ങൾക്ക് ഭീഷണിയായിരുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു.
തകർന്ന് മലയോരപാത
വാഹനം ഓടിക്കാനാകാത്ത വിധം തകർന്ന് തരിപ്പണമായി കിടക്കുകയാണ് മലയോരപാത. റോഡിലിറങ്ങുന്ന ആനകൾ അക്രമാസക്തമായാൽ വാഹനം വേഗത്തിൽ ഓടിച്ചു പോകാൻപോലും കഴിയില്ല. അത്ര വലിയ കുഴികളായി മാറിയിരിക്കുകയാണ് റോഡ്. മലയോരപാത പ്രയോജനപ്പെടുന്നത് കൂടുതലും കർഷകർക്കായതിനാൽ റോഡ് ഗതാഗത യോഗ്യമാക്കാൻ ബന്ധപ്പെട്ടവർക്കും താത്പര്യമില്ല.
കർഷകർ സംഘടിച്ച് സമരത്തിനൊന്നും വരില്ലെന്ന ഉറപ്പാണ് പഞ്ചായത്തിനും എംഎൽഎമാർക്കും മറ്റു ജനപ്രതിനിധികൾക്കുമുള്ളത്. മലയോരപാതയുടെ നവീകരണത്തിനായി ഒരുകോടിരൂപ അനുവദിച്ചിട്ടുണ്ടെന്നു രണ്ടുവർഷംമുമ്പ് സ്ഥലം എംഎൽഎ പ്രഖ്യാപിച്ചിരുന്നു.
ഫണ്ട് അനുവദിച്ച എംഎൽഎയെ അഭിനന്ദിച്ച് ഫ്ളക്സുകളും ഉയർത്തി. എന്നാൽ ഒന്നും നടന്നില്ല. പണി നടക്കാതായപ്പോൾ ഫ്ലക്സുകളെല്ലാം അഴിച്ചുമാറ്റി. ഫണ്ട് എവിടെപ്പോയി എന്ന് ആർക്കും അറിയില്ല.
സോളാർ ഫെൻസിംഗ് പ്രവർത്തനരഹിതം
പീച്ചി വനാതിർത്തിയിലെ ഫെൻസിംഗുകളെല്ലാം പേരിനുമാത്രം. മാൻകുട്ടിക്കുപോലും ഷോക്കേൽക്കാത്തവിധം നേരിയ കറന്റ് മാത്രമേ കമ്പിവഴി പ്രവഹിക്കുന്നുള്ളു. തൊട്ടാൽ ചെറിയ തരിപ്പുമാത്രം. ആനകൾ നിഷ്പ്രയാസമാണ് ഈ ഫെൻസിംഗ് വലിച്ചെറിഞ്ഞ് കൃഷിയിടങ്ങളിലും റോഡിലും ഇറങ്ങുന്നതെന്നു വർഷങ്ങളായി വിളനാശം അനുഭവിക്കുന്ന സമീപത്തെ ചെറുനിലം ജോണി പറഞ്ഞു. നെന്മാറ ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള സോളാർ ഫെൻസിംഗ് കാര്യക്ഷമമാണെന്നും പീച്ചി ഫോറസ്റ്റ് ഡിവിഷൻ പരിധി വഴിയാണ് ആനകൾ വരുന്നതെന്നു നെന്മാറ ഡിവിഷൻ വനം വകുപ്പ് അധികൃതർ പറയുന്നു.
എന്നാൽ തങ്ങളുടെ പരിധിയിലെ ഫെൻസിംഗാണ് കുറ്റമറ്റ നിലയിൽ പ്രവർത്തിക്കുന്നതെന്ന് പീച്ചി വൈൽഡ് ലൈഫ് അധികൃതരും പറയുന്നു. ഒരേ വകുപ്പ് അധികൃതർതന്നെ ഇത്തരത്തിൽ പരസ്പരം പഴിചാരി ഒന്നും ചെയ്യാതിരിക്കാനുള്ള തന്ത്രങ്ങളാണ് നടത്തുന്നതെന്നു കർഷകർ കുറ്റപ്പെടുത്തുന്നു.
സ്വയംരക്ഷയ്ക്കായി കർഷകർ
ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ നാട്ടിലേക്ക് ഇറക്കിവിട്ട് കഷ്ടപ്പെടുത്തുന്ന സ്ഥിതി ഇനിയും അധികകാലം തുടരാനാകില്ലെന്നു കർഷകർ.
പരാതികളും നിവേദനങ്ങളുമായി നിരവധി തവണയാണ് വനംവകുപ്പ് ഓഫീസുകളിലും മറ്റും കയറിയിറങ്ങുന്നത്. ഇനിയും പരാതി പറയുന്നതിൽ അർഥമില്ല. ജീവനും സ്വത്തും സംരക്ഷിക്കാൻ തങ്ങളാലാകുന്നത് ചെയ്യുക എന്ന നിലപാടുളിലേക്കാണ് കർഷകർ എത്തിയിട്ടുള്ളത്.
കർഷകസംരക്ഷകരെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ കർഷകരുടെ വിഷമതകൾകണ്ട് പരിഹാരമാർഗങ്ങൾക്കായി രംഗത്തു വരുന്നില്ല. ആന കുത്തി കൊല്ലപ്പെട്ടാൽ കൂടിവന്നാൽ പത്തുലക്ഷമെന്ന തുകയിൽ ഒതുക്കുകയാണ് നഷ്ടപരിഹാര നടപടികൾ. വനംവകുപ്പ് മനുഷ്യന്റെ വില നിശ്ചയിക്കണ്ട എന്നാണ് കർഷകർ പറയുന്നത്.