വിമുക്തി മിഷനിലൂടെ ജില്ലയില്‍ 1358 പേര് ലഹരിവിമുക്തരായി
1578596
Friday, July 25, 2025 1:08 AM IST
പാലക്കാട്: വിമുക്തി മിഷനിലൂടെ 2018 മുതല്‍ ജില്ലയിലെ 1358 പേര് ലഹരിമുക്തരായതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. മദ്യവര്ജനത്തോടൊപ്പം മയക്കുമരുന്ന് ഉപയോഗത്തിന് തടയിടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് വിമുക്തി മിഷന്. ജില്ലയിലെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊതു ജനങ്ങള്‍ക്കിടയിലും, വിവിധ ക്ലബുകള്‍, സംഘടനകള്‍, ഉന്നതികള്‍, കോളനികള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകളും പരിപാടികളും വിമുക്തിയുടെ ഭാഗമായി നടന്നു വരുന്നു.
മേയ് 31ന് പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ മാരത്തോണ്‍, ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളില്‍ കുട്ടികളുടെ ബിനാലെ, ജൂണ്‍ 26ന് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ സ്കൂള്‍ പാര്‍ലമെന്റ്, ലഹരിവിരുദ്ധ പ്രതിജ്ഞ, ജില്ലാതല ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി, ലഹരിക്കെതിരെ ഫ്ലാഷ് മോബ്, റാലി തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടുന്നു.
അട്ടപ്പാടി കോട്ടത്തറയിലുളള ഡി അഡിക്ഷന് സെന്ററിലെ ചികിത്സയിലൂടെയാണ് 1358 പേര് ലഹരിമുക്തരായത്. നിരവധിപേര്‍ക്ക് കൗണ്‍സിലിംഗും നൽകി. ലഹരി മുക്തിക്കായി പ്രവേശിപ്പിക്കപ്പെടുന്ന വ്യക്തിക്കും കൂട്ടിരിപ്പുകാര്‍ക്കും കോട്ടത്തറയിലുളള ഡി അഡിക്ഷന് സെന്ററില്‍ താമസവും ചികിത്സയും
പൂര്‍ണമായും സൗജന്യമാണ്. 21 ദിവസമാണ് ചികിത്സാ കാലഘട്ടമെങ്കിലും സാഹചര്യമനുസരിച്ച് കാലയളവ് വ്യത്യസ്തമാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായ സമിതിയാണ് വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നിയന്ത്രിക്കുന്നത്. വാര്‍ഡ് തലം വരെ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കാര്യക്ഷമമായി നടന്നു വരുന്നു. 2024 -25 ല്‍ മാത്രം 13,394 റെയ്ഡുകള്‍ ജില്ലയില്‍ നടത്തി. ഇതില്‍ 1800 അബ്കാരി കേസുകള്‍, 525 എന്‍ഡിപിഎസ്, 6998 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു.
കായികപ്രവൃത്തികളിലേക്ക് കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത്തരം കഴിവുകളെ വളര്‍ത്തിയെടുക്കാനും ‘ഉണര്‍വ് - ലഹരിക്കെതിരെ കായിക ലഹരി' എന്ന പദ്ധതി നടപ്പിലാക്കിവരുന്നു. പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പട്ടഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് കായിക ഉപകരണങ്ങള്‍ വാങ്ങി നല്കി. അഗളി ജിവിഎച്ച്എസ്എസ് സ്കൂളില്‍ കായിക ഉപകരണങ്ങള്‍ക്കും ഫുട്ബോള്‍-വോളിബോള്‍ കോര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്കി.
അഞ്ച് ലക്ഷം രൂപ വീതമാണ് രണ്ട് സ്കൂളുകള്‍ക്കും നല്‍കിയത്. രണ്ട് വര്‍ഷങ്ങളിലായി ഓരോ വര്‍ഷവും വിവിധ എക്സൈസ് റേഞ്ച് പരിധികളില്‍ നിന്ന് മൂന്ന് സ്കൂളുകൾക്ക് വീതം 78 സ്കൂളുകളില്‍ പതിനായിരം രൂപ ചെലവില്‍ ജേഴ്സിയും കായിക ഉപകരണങ്ങളും വാങ്ങി നല്കി.
2025- 26 അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത മൂന്ന് സ്കൂളുകളില്‍ 2.50 ലക്ഷം രൂപ വീതം വിലവരുന്ന കായിക ഉപകരണങ്ങള്‍ വിതരണം ചെയ്യും.