കുളപ്പുള്ളി ബസ് സ്റ്റാൻഡിനെ കൈയൊഴിഞ്ഞ് സ്വകാര്യബസുകൾ
1578361
Thursday, July 24, 2025 1:47 AM IST
ഷൊർണൂർ: ഉത്തരവുകളൊന്നും നടപ്പായില്ല, കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ കയറാതെ സ്വകാര്യ ബസുകൾ. കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ ബസുകളും കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ കയറണമെന്നായിരുന്നു ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം. എന്നാൽ ആ ഉത്തരവിന് പുല്ലുവിലയാണ് സ്വകാര്യ ബസുകൾ കൽപ്പിച്ചുവരുന്നത്. കുളപ്പുള്ളിയിൽ ബസുകൾക്ക് വൺവേ സംവിധാനമേർപ്പെടുത്തിയായിരുന്നു പുതിയ ക്രമീകരണം നടത്തിയത്.
തൃശൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന ബസുകൾ കുളപ്പുള്ളി സ്റ്റാൻഡിൽ കയറി പോകണമെന്നും തിരിച്ച് വരുമ്പോൾ കുളപ്പുള്ളി സ്റ്റാൻഡിൽ കയറാതെ തൃശൂരിലേക്ക് പോകാമെന്നുമുള്ള ധാരണ ലംഘിക്കപ്പെടുന്ന സ്ഥിതി തുടരുകയാണ്. മുമ്പെല്ലാം തൃശൂർ ഭാഗത്തുനിന്നും വരുന്ന ബസ് ജീവനക്കാരായിരുന്നു പ്രശ്നം ഉന്നയിച്ചിരുന്നത്. എന്നാൽ അവരെക്കൂടി അറിയിച്ചെടുത്ത തീരുമാനവും ലംഘിക്കപ്പെട്ടു.
ഇതോടൊപ്പം കെഎസ്ആർടിസി ബസുകളും കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ കയറിയെ പോകാവൂ എന്ന നിർദേശവും നഗരസഭ നൽകിയിരുന്നു.
ഇതിനായി നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കി കെഎസ്ആർടിസി അധികൃതർക്ക് നൽകുകയും ചെയ്തു. ഷൊർണൂർ-പട്ടാമ്പി, ഷൊർണൂർ- ചെർപ്പുളശേരി, ഷൊർണൂർ-മണ്ണാർക്കാട്, ഷൊർണൂർ-പാലക്കാട് എന്നിവിടങ്ങളിലേക്ക് കുളപ്പുള്ളിവഴി പോകുന്ന ബസുകളെല്ലാം സ്റ്റാൻഡിൽ കയറിയേ പോകാവൂ എന്നുമായിരുന്നു തീരുമാനം.
കുളപ്പുള്ളി ടൗണിൽ തിരിവിലുള്ള ഓട്ടോ, ഇരുചക്രവാഹന പാർക്കിംഗ് നിരോധിക്കുകയും ചെയ്തിരുന്നു. ഭാരതപ്പുഴക്ക് സമീപമുള്ള പാലം മുതൽ കുളപ്പുള്ളിവരെയുള്ള റോഡിൽ ഗുരുതരമായ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നുണ്ട്.
ഇതുമൂലം വലിയതോതിൽ സമയം നഷ്ടം സംഭവിക്കുന്നുണ്ടെന്നും ഇതാണ് കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ കയറാത്തതിന് കാരണം എന്നുമാണ് സ്വകാര്യ ബസുകൾ നൽകുന്ന വിശദീകരണം.