മൊബൈൽ ടവറിന്റെ റൗട്ടർ, ബാറ്ററി മോഷണം: പ്രതി പിടിയിൽ
1578586
Friday, July 25, 2025 1:08 AM IST
പാലക്കാട്: മൊബൈൽ ടവറിന്റെ ലക്ഷങ്ങൾ വിലയുള്ള റൗട്ടർ, ബാറ്ററി മോഷണംപോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. പാലക്കാട് കിണാശേരി വാക്കാട് പ്രവർത്തിക്കുന്ന ജിയോ മൊബൈൽ ടവറിന്റെ കോൾ നിയന്ത്രിക്കുന്ന റൗട്ടറാണ് മോഷ്ടിച്ചത്.
പുള്ളോട് തേനൂർ മങ്കര സ്വദേശി സത്യരാജ് എന്ന എൻജിനീയർ സത്യനെ(35)യാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. വർഷങ്ങൾക്കുമുമ്പ് മൊബൈൽ ടവറിന്റെ ടെക്നിക്കൽ വർക്കറായി ജോലിയിലായിരുന്നു.
പല കമ്പനികളുടെയും വിലപിടിപ്പുള്ള ബാറ്ററി, റൗട്ടർ, കേബിൾ തുടങ്ങിയവ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. മൂന്നുമാസംമുമ്പ് മങ്കര പോലീസ് സ്റ്റേഷനിൽ സമാനരീതിയിലുള്ള കേസിൽ പിടിയിലായി ജയിലിൽനിന്ന് ഇറങ്ങിയ ശേഷമാണ് പുതിയ കളവിനെത്തിയത്.
മോഷ്ടിച്ച റൗട്ടറിന് ഒന്നര ലക്ഷം രൂപയാണ് വില. അനധികൃതമായി പ്രവർത്തിക്കുന്ന സ്ക്രാപ്പ് കടകളിൽ നിസാര വിലയ്ക്ക് വിൽക്കുകയാണ് പതിവ്. വില്പന നടത്തിയ കടയിൽനിന്നും മറ്റൊരു മൊബൈൽ ടവറിന്റെ ഒരുലക്ഷംരൂപ വിലവരുന്ന രണ്ടു ബാറ്ററികളും കുഴൽമന്ദം പോലീസ് സ്റ്റേഷൻ പരിധിയിലെ കുത്തനൂരിൽനിന്നുമെടുത്തതും കണ്ടെത്തി.
സത്യരാജ് കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് എഎസ്പി രാജേഷ്കുമാറിന്റെ നിർദേശപ്രകാരം ടൗൺ സൗത്ത് ഇൻസ്പെക്ടർ എസ്. വിപിൻകുമാർ, എസ്ഐമാരായ എം. മഹേഷ്കുമാർ, വി. ഹേമലത, എഎസ്ഐ സജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.ആർ. പ്രദീപ്, ശശികുമാർ, കെ.സി. പ്രസാദ്, ആർ. രാജീദ്, നൗഫൽ, വിപിൽദാസ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.