കണ്ണിയംപുറം ബധിരമൂക വിദ്യാലയത്തിലെ ചുമരുകളിൽ വിരിയുന്നതു ചിത്രപുസ്തകം
1578362
Thursday, July 24, 2025 1:47 AM IST
ഒറ്റപ്പാലം: ചിത്രങ്ങളിലൂടെ പഠനസഹായം സാധ്യമാക്കുന്ന "വിദ്യഭ്യാസ'വുമായി കണ്ണിയംപുറം സർക്കാർ ബധിര മൂക വിദ്യാലയത്തിന്റെ ചുമരുകൾ. ചുമരുകൾ ഇവിടെ കാൻവാസാണ്. പാഠഭാഗങ്ങളിലെ കഥാപാത്രങ്ങളെയും സംഭവങ്ങളേയും കോറിയിട്ടിരിക്കുന്നത് ഇതിലാണ്. കഥകളി കലാരൂപങ്ങൾ, കാർട്ടൂൺ ചിത്രങ്ങൾ, വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയിലെ അവകാശികൾ തുടങ്ങി സൂര്യാസ്തമയവും ജീവൻതുടിക്കുന്ന ചിത്രങ്ങളുണ്ട് ഈ സ്കൂളിലെ ചുമരുകളിൽ.
ചിത്രങ്ങൾ നിറഞ്ഞത് ആർട്ടിസ്റ്റായ അനീഷി (40) ന്റെ കലാവിരുതിലാണ്. സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചത്. മൂന്നുവർഷംമുന്പ് ചുമർചിത്രങ്ങൾ വരയ്ക്കാനാണ് അനീഷ് ആദ്യമായി ഈ സ്കൂളിലെത്തുന്നത്. ചിത്രകലാ അധ്യാപകന്റെ താത്കാലിക ഒഴിവുണ്ടെന്ന് അറിഞ്ഞതോടെ അപേക്ഷിച്ചു. കൂടിക്കാഴ്ചയ്ക്കു പിന്നാലെ ജോലിയും ലഭിച്ചു. ഇതിനിടെ താത്കാലിക ജീവനക്കാർക്കും കെ- ടെറ്റ് യോഗ്യത വേണമെന്ന നിബന്ധനവന്നു. അപ്പോൾ അനീഷ് അധ്യാപകന്റെ കുപ്പായം അഴിച്ചുവച്ച് ചിത്രകാരന്റെ റോളിൽ മുന്നോട്ടുനീങ്ങി.
യോഗ്യത നേടിയെടുക്കാനുള്ള പരിശ്രമങ്ങൾ തുടരുകയാണെങ്കിലും കലാകാരന്റെ വേഷത്തിലും സജീവമാണ്. രണ്ടുവർഷത്തെ ഡിപ്ലോമ കോഴ്സിലൂടെയാണ് ചിത്രരചനയിലെ തന്റെ അഭിരുചികളെ ഊട്ടിയുറപ്പിച്ചത്. കുട്ടികളിൽ വളരെ പെട്ടെന്നുതന്നെ പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കാൻ ചിത്രങ്ങൾ വളരെയേറെ ഉപയോഗപ്രദമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ ചുമരിലെ ചിത്രങ്ങൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു.