മീനാക്ഷിപുരത്തും അവക്കാഡോ വിളയും
1578584
Friday, July 25, 2025 1:08 AM IST
വണ്ടിത്താവളം: കിഴക്കൻമേഖലയിലും വിളയും അവക്കാഡോ. പെരുമാട്ടി കൃഷിഭവന്റെ കിഴക്കേ അതിരായ മീനാക്ഷിപുരത്ത് യുവകർഷകനായ മഹേന്ദ്രന്റെ കൃഷിയിടത്തിലാണ് അവക്കാഡോ വിളയുന്നത്.
തികച്ചും ജൈവകൃഷി അനുവർത്തിക്കുന്ന മഹേന്ദ്രൻ കഴിഞ്ഞ രണ്ടുവർഷം മുന്പാണ് ഐഐഎച്ച്ആർ ബാംഗ്ലൂരിൽനിന്നും അർക്ക സുപ്രീം, ആർക്കാ രവി എന്നീ രണ്ടിനങ്ങളിൽപെട്ട അവക്കാഡോ കൃഷിയിറക്കിയത്.
തന്റെ കൃഷിയിടത്തിൽ നൂതനസാങ്കേതിക വിദ്യകളുപയോഗിച്ച് കൃഷി വിപുലീകരിക്കുന്നതു ശ്രമിക്കുന്നതിനിടെയാണ് അവക്കാഡോയിൽ മഹേന്ദ്രന്റെ ചിന്ത ഉടക്കിയത്.
തെങ്ങും കവുങ്ങും മാത്രമല്ല അന്യരാജ്യങ്ങളിലെ ഫലവൃക്ഷങ്ങളും നമ്മുടെ മണ്ണിൽ വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവകർഷകൻ. പരീക്ഷണാടിസ്ഥാനത്തിൽ തെങ്ങിൻതോട്ടത്തിൽ ഇടവിളയായി നൂറോളം അവക്കാഡോ തൈകൾ നടുകയായിരുന്നു.
ജൈവവളങ്ങൾ കൃത്യമായ ഇടവേളകളിൽ നൽകി. ഇപ്പോൾ മരങ്ങൾ കായ്ച്ചുതുടങ്ങിയിട്ടുണ്ട്.
പോഷകഗുണങ്ങളടക്കം ഗുണമേന്മ ഏറെയുള്ള അവക്കാഡോയ്ക്കു ഇന്നു വിപണിയിലും ആരോഗ്യരംഗത്തും നല്ല ഡിമാന്റുണ്ട്.
നിലവിൽ വിദേശവിപണി ലക്ഷ്യമിട്ടാണ് ഇടവിളയായി അവക്കാഡോ കൃഷിയും പരീക്ഷിക്കുന്നത്.
ആറേക്കർ കൃഷിയിടത്തിൽ തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, നാരകം തുടങ്ങിയ വിളകളുമുണ്ട്. ചെറുകിട ജൈവവളം നിർമാണ യൂണിറ്റും ഒരുങ്ങുന്നതായി മഹേന്ദ്രൻ പറഞ്ഞു.