ചുള്ളിയാർമേട് റോഡ് തകർന്ന് വാഹനസഞ്ചാരം അപകടഭീതിയിൽ
1578827
Saturday, July 26, 2025 12:23 AM IST
മുതലമട: ചുള്ളിയാർമേട് - ആശുപത്രി റോഡ് തകർന്ന് വാഹനസഞ്ചാരം അപകടഭീഷണിയായി. മുതലമട കുടുംബാരോഗ്യകേന്ദ്രത്തിലേക്കു ദിവസേന നിരവധി പേർ ഇരുചക്രവാഹനത്തിലെത്തുന്ന വഴിയിലാണ് തുടർഗർത്തങ്ങളും വെള്ളക്കെട്ടും ഉണ്ടായിരിക്കുന്നത്. പുറകിൽ രോഗികളെ ചികിത്സയ്ക്ക് കൊണ്ടുവരുന്നതിനിടെ സ്കൂട്ടർ ഗർത്തത്തിൽ വീണ് പരിക്കേറ്റ അപകടങ്ങളും തുടർക്കഥയായി നീളുകയാണ്. ഹെവിലോഡ് ലോറികൾ സഞ്ചരിക്കുന്നതിനാലാണ് റോഡിൽ മെറ്റലിളകി തുടർഗർത്തങ്ങൾ ഉണ്ടായിരിക്കുന്നത്.
30 ടൺ ഭാരം രേഖകളിൽ കാണിച്ചാണ് തമിഴ്നാട്ടിൽ നിന്നും വരുന്ന മെറ്റൽകടത്തു വാഹനങ്ങൾ ഇരട്ടി ഭാരം കയറ്റുന്നത്. വല്ലപ്പോഴും ഇതുവഴി പട്രോളിംഗിനുവരുന്ന പോലീസ് അധികം ഭാരം കയറ്റുന്നതിന് പിഴ ഈടാക്കാറുണ്ട്.
മുതലമട ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വിദ്യാർഥികൾ ഇതുവഴി നടന്നുവരുന്നതും തീർത്തും സുരക്ഷിതമല്ലാതെയാണ്. ഗർത്തങ്ങളിലിറക്കാതിരിക്കാൻ വാഹനങ്ങൾ വലതും ഇടതും വശങ്ങൾ മാറി മാറിയാണ് സഞ്ചാരം.
കാറുകളുടെ അടിഭാഗം ഗർത്തങ്ങളിലിടിച്ച് കേടുപാടുകൾ ഉണ്ടാവുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം നാട്ടുകാർ ഗർത്തത്തിൽ വൃക്ഷതൈ നട്ട് യാത്രക്കാർക്ക് അപകടമുന്നറിയിപ്പ് നൽകിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പൊതുപ്രവർത്തകൻ നിജാമുദീൻ ജില്ലാ കളക്ടർക്ക് പരാതി നൽകി. പൊതുമരാമത്തുവകുപ്പിനും പഞ്ചായത്തധികൃതർക്കും പലതവണ പരാതികൾ അറിയിച്ചിട്ടും നടപടികൾ ഉണ്ടായില്ലെന്നും പരാതിയിൽ നിജാമുദീൻ സൂചിപ്പിച്ചിട്ടുണ്ട്.