യാത്രക്കാർക്കായ് കാത്തിരിപ്പിൽ ബസ് കാത്തിരിപ്പുകേന്ദ്രം
1578587
Friday, July 25, 2025 1:08 AM IST
വടക്കഞ്ചേരി: ടൗണിൽ കിഴക്കഞ്ചേരി റോഡിൽ സ്ഥലം എംഎൽഎയും മന്ത്രിയുമായിരുന്ന എ.കെ. ബാലന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നാലുവർഷംമുമ്പ് നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ഇപ്പോഴും യാത്രക്കാരുടെ വരവ് പ്രതീക്ഷിച്ച് കാത്തിരിപ്പിലാണ്.
ടൗൺ ജംഗ്ഷനിലെ തിരക്കുകുറയ്ക്കാൻ പദ്ധതിയിട്ടായിരുന്നു ലക്ഷങ്ങൾ ചെലവഴിച്ച് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്.
പക്ഷേ, ബസുകളൊന്നും ഇവിടേക്ക് ഇറക്കിനിർത്താറില്ല.
പതിനഞ്ചുമീറ്റർ പിറകിൽ പഴയപോലെതന്നെ ഇടുങ്ങിയ സ്ഥലത്തു യാത്രക്കാരെ കയറ്റിയാണ് ബസുകൾ പോകുന്നത്. ഇതിനെതിരെ പോലീസോ പഞ്ചായത്തോ നടപടിയെടുക്കാത്തതിനാൽ തിരക്കേറിയ സ്ഥലത്തു വാഹനക്കുരുക്കുണ്ടാക്കി തന്നെയാണ് ബസുകൾ നിർത്തുന്നത്.
ഉപയോഗിക്കാത്തതിനാൽ ബസ് കാത്തിരിപ്പുകേന്ദ്രവും പരിസരവും മലിനമയമാണിപ്പോൾ. മാലിന്യങ്ങൾ വലിച്ചെറിയുന്നതുപോലും ഇപ്പോൾ ഇതിനു മുന്നിലേക്കാണ്. മഴപെയ്താൽ പുഴുവരിക്കുന്ന അഴുക്കുവെള്ളവും ഇതിനു മുന്നിലൂടെ ഒഴുകും.
ഇതിനാൽ ഇവിടേക്കു മാറിനിൽക്കാൻ യാത്രകാർക്കും താത്പര്യമില്ല. യാത്രക്കാർക്ക് സൗകര്യപ്പെടുത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപടിയെടുക്കേണ്ട പഞ്ചായത്ത് അക്കാര്യങ്ങളിലൊന്നും ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.