ക്യുആർ കോഡിലും തട്ടിപ്പ്: ജാഗ്രത പാലിക്കണം
1578823
Saturday, July 26, 2025 12:23 AM IST
പാലക്കാട്: സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന കാലത്ത് ക്യുആർ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പെരുകുന്നു. ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും നിലവിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസറുമായ പി. അനിൽകുമാർ നൽകിയ മുന്നറിയിപ്പുകളും ക്യുആർ കോഡ് തട്ടിപ്പുകളിൽനിന്ന് രക്ഷനേടാനുള്ള വഴികളും താഴെ വിവരിക്കുന്നു.
എന്താണ്
ക്യുആർ കോഡ്?
ക്വിക്ക് റെസ്പോണ്സ് (ക്വിക്ക് റെസ്പോണ്സ്) എന്നാണ് ക്യുആർ- ന്റെ പൂർണ രൂപം. 1994 ൽ ജപ്പാനിലെ ഓട്ടോമോട്ടിവ് കന്പനിയായ ഡെൻസോ വേവിനായി കണ്ടുപിടിച്ച വെള്ളയും കറുപ്പും ചതുരങ്ങളിലുള്ള ഒരു ദ്വിമാന ബാർ കോഡാണ് ക്യുആർ. ഇതൊരു മെഷീൻ റീഡബിൾ ഒപ്റ്റിക്കൽ ലേബലാണ്. ഇവയിൽ ഒരു ആപ്ലിക്കേഷനിലേക്കോ, വെബ്സൈറ്റിലേക്കോ പോയിന്റ് ചെയ്യുന്ന ലോക്കേറ്റർ, അല്ലെങ്കിൽ ഐഡന്റിഫയർ ഉൾപ്പെട്ടിരിക്കുന്നു. ഉപയോക്താക്കൾക്ക് ക്യുആർ കോഡ് സൃഷ്ടിക്കാനും പ്രിന്റ് ചെയ്യാനും സാധിക്കും.
തട്ടിപ്പിലെ വിവിധ
മാർഗങ്ങൾ
1. ക്വിഷിംഗ്: ക്യുആർ കോഡ് തട്ടിപ്പുകളിൽ ഏറ്റവും സാധാരണയായി നടക്കുന്ന തട്ടിപ്പാണിത്. ഉപയോക്താവിനെ മനഃപൂർവം വഞ്ചിച്ച് ക്യു.ആർ കോഡ് സ്കാൻ ചെയ്യാൻ പ്രേരിപ്പിക്കുകയും വ്യക്തിയെ വ്യാജ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുകയും ചെയ്യുന്നു. അവിടെ നിന്ന് ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, പാസ്വേഡുകൾ എന്നിവ ചോർത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
2. ഫിഷിംഗ്: ക്യുആർ ഫിഷിംഗ് എന്നത് ഒരു സോഷ്യൽ എൻജിനീയറിംഗ് ആക്രമണമാണ്. കത്ത്, വ്യാജ രേഖകൾ, സന്ദേശങ്ങൾ, പരസ്യങ്ങൾ, വ്യാജ ഇ-മെയിലുകൾ എന്നിവയിലൂടെ വ്യാജ ക്യുആർ കോഡ് ഉപയോഗിച്ച് വ്യക്തിഗത സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കുന്ന രീതിയാണിത്. വിവരങ്ങൾ മോഷ്ടിക്കാനുള്ള പ്രധാനമാർഗം കൂടിയാണിത്.
3. മാൽവെയർ ഇൻസ്റ്റലേഷൻ: ഉപയോക്താക്കൾ സ്കാൻ ചെയ്യുന്ന ക്യുആർ കോഡ് വഴി ഉപകരണങ്ങളിൽ മാൽവെയർ സന്നിവേശിപ്പിക്കുന്നു. ഇതു ഫോണിലെ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നതിനു വഴി വയ്ക്കുന്നു.
സൂക്ഷിച്ചാൽ
ദുഃഖിക്കേണ്ട
1.വിശ്വാസയോഗ്യമല്ലാത്ത ക്യുആർ കോഡ് സ്കാൻ ചെയ്യരുത്.
2. അപരിചിതർ നൽകുന്ന ക്യുആർ കോഡുകൾ സ്കാൻ ചെയ്യാതിരിക്കുക.
3. ഡിജിറ്റൽ ഉപകരണങ്ങളിൽ ആന്റി വൈറസ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുക.
4. ഗൂഗിളിൽ കാണുന്ന നന്പറുകൾ, ക്യുആർ കോഡുകൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
5. ഒരു ക്യുആർ കോഡ് മറ്റൊന്നിന് മുകളിൽ സ്ഥാപിച്ചിരിക്കുന്നു എന്നു കണ്ടെത്തിയാൽ തട്ടിപ്പിന്റെ സൂചനയാകാം.
6. പൊതു വൈഫൈ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്പോൾ അതീവ ജാഗ്രത പുലർത്തുക.
7. ഇവന്റ് രജിസ്ട്രേഷനായി നൽകുന്ന ലിങ്ക് ഫോം, ക്യുആർ എന്നിവയിലൂടെ തട്ടിപ്പുകാർ ഡേറ്റ ശേഖരണം നടത്താറുണ്ട്, ശ്രദ്ധിക്കണം.
8. ക്യുആർ കോഡ് സ്കാൻ ചെയ്യുന്പോൾ തെളിയുന്ന പേരും സ്വീകർത്താവിന്റെ പേരും തമ്മിൽ ക്രോസ്ചെക്ക് ചെയ്യുക.
9. ക്യുആർ കോഡ് സ്കാൻ ചെയ്യുന്പോൾ ലഭിക്കുന്ന യുആർഎൽ നന്നായി വായിക്കുക. ക്രമരഹിതമായ അക്ഷരങ്ങൾ വ്യാജമായിരിക്കാൻ സാധ്യതയുണ്ട്.
10. നിങ്ങളുടെ ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റവും സുരക്ഷ സോഫ്റ്റ്വെയറും പതിവായി അപ്ഡേറ്റ് ചെയ്യുക.
ഇരയായാൽ
ചെയ്യേണ്ടത്...
1. ബാങ്കുമായി ബന്ധപ്പെടുക, അക്കൗണ്ട് മരവിപ്പിക്കുക.
2. വ്യാജ വെബ്സൈറ്റിൽ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ പാസ്വേഡുകൾ മാറ്റുക.
3. ക്യുആർ കോഡ് തട്ടിപ്പ് ഫെഡറൽ ട്രേഡ് കമ്മീഷൻവഴി റിപ്പോർട്ട് ചെയ്യുക.
4. തട്ടിപ്പിന് ഇരയായാൽ ഉടൻ ലോക്കൽ പോലീസിൽ വിവരം അറിയിക്കുക, എഫ്ഐആർ ഫയൽ ചെയ്യുക.
5. നാഷണൽ സൈബർക്രൈം പോർട്ടൽ വഴിയും പരാതി സമർപ്പിക്കാം.