ചിറ്റൂർ താലൂക്കിൽ ചുഴലിക്കാറ്റിലും മഴയിലും വ്യാപകനാശം
1578826
Saturday, July 26, 2025 12:23 AM IST
ചിറ്റൂർ: ഇന്നലെ രാവിലെ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിലും മഴയിലും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനുകൾ പൊട്ടിയും വ്യാപകനാശം. നല്ലേപ്പിള്ളി അഞ്ചാം മൈൽ റോഡിൽ മരം കടപുഴകി വീണ് ബസ് അടക്കമുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം മൂന്നു മണിക്കൂറോളം തടസപ്പെട്ടു.
സംഭവസമയത്ത് വാഹനങ്ങൾ വരാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി . എരിശേരി പത്മാവതിയുടെ വീട്ടിലുള്ള 50 അടി ഉയരമുള്ള വൃക്ഷമാണ് റോഡിനു കുറുകെ വീണത് . നെടുമ്പള്ളത്ത് തെങ്ങ് വീണ് വൈദ്യുതി ലൈനുകൾ പൊട്ടി. മുതലാംതോട് കന്നിമാരി, കൈതറവ് എന്നിവിടങ്ങളിലും മരങ്ങൾവീണ് വൈദ്യുതിവിതരണം നിലച്ചു. അഞ്ചുവെള്ളക്കാട്ടിൽ മരംവീണ് വൈദ്യുതിതൂൺ മുറിഞ്ഞു. വണ്ടിത്താവളം പന്തൽമുട്ടിയിലും മരശിഖരം റോഡിൽ പൊട്ടിവീണു.
അതിശക്തമായ കാറ്റുവീശിയതിൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുണ്ടായിരുന്നവർ ഭീതിയിലായി. ഗ്രാമങ്ങളിൽ വീടുകൾക്കു മുന്നിലെ സൺഷെയ്ഡുകളും വീണുനശിച്ചു. ഇന്നു വൈകുന്നേരത്തോടെ പൂർണതോതിൽ വൈദ്യുതി പുന:സ്ഥാപിക്കാനാവുമെന്ന് അധികൃതർ അറിയിച്ചു.