പനംകുറ്റി കരടിയളയിൽ ആനയിറങ്ങി കൃഷി നശിപ്പിച്ചു
1578833
Saturday, July 26, 2025 12:23 AM IST
വടക്കഞ്ചേരി: വാൽകുളമ്പ് പനംകുറ്റി കരടിയളയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. അജീഷിന്റെ വീട്ടുവളപ്പിലെ തെങ്ങുകളും വാഴകളുമാണ് നശിപ്പിച്ചത്. കഴിഞ്ഞ അർധരാത്രിയോടെയാണ് ആനകളെത്തിയത്.
പാട്ടകൊട്ടി ബഹളമുണ്ടാക്കിയാൽ ചില ആനകൾ സമീപത്തെ കാടുമൂടി കിടക്കുന്ന തോട്ടങ്ങളിൽ കയറും. ചിലത് ആക്രമിക്കാൻ പാഞ്ഞടുക്കും- അജീഷ് പറഞ്ഞു.
കുറച്ചു കാലമായി വനാതിർത്തിയിലെ പൊന്തക്കാടു മൂടിയ സ്വകാര്യ തോട്ടങ്ങളിലാണ് ആനകളെല്ലാം തമ്പടിച്ചിട്ടുള്ളത്. ഇതിനാൽ ഏതുസമയവും ആനകൾ വഴികളിലും കൃഷിയിടങ്ങളിലുമെത്തും. വനാതിർത്തിയിലുള്ള സോളാർ ഫെൻസിംഗുകൾ തകർന്നു കിടക്കുന്നതിനാൽ പീച്ചി കാട്ടിൽനിന്നും യഥേഷ്ടം ആനകൾക്ക് വന്നുപോകാനുള്ള വഴികളുണ്ട്.
കഴിഞ്ഞദിവസമാണ് കരടിയളക്കടുത്ത് താമരപ്പിള്ളിയില് മലയോരപാതയിൽ ഇറങ്ങി കാട്ടാന വാഹനങ്ങൾതടഞ്ഞ് ഭീതിപരത്തിയത്. പ്രദേശത്തെ വിളകളും വ്യാപകമായി നശിപ്പിച്ചിരുന്നു. രണ്ടുകിലോമീറ്ററിനുള്ളില് ഓരോ ദിവസവും ഓരോ സ്ഥലങ്ങളിലാണ് ആനകൾ ഇറങ്ങുന്നത്. ആനകളെ ഓടിച്ചും രാത്രി വിളകൾക്ക് കാവലിരുന്നും ജനങ്ങളും മടുത്തു. നാശനഷ്ടങ്ങളുടെ തോത് ഉയരുമ്പോൾ വനപാലകർ വല്ലപ്പോഴും സ്ഥലത്തെത്തി പരിശോധന നടത്തിപ്പോകും.
ആനകളെ നിയന്ത്രിക്കാൻ യാതൊരു നടപടികളും വനംവകുപ്പിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി.