പാലക്കാട്- കുളപ്പുള്ളി പ്രധാന പാതയിൽ വെള്ളക്കെട്ടും കുഴികളും അപകടഭീഷണി
1578082
Wednesday, July 23, 2025 1:29 AM IST
ഷൊർണൂർ: പാലക്കാട്- കുളപ്പുള്ളി പാതയിൽ അപകടഭീഷണി ഉയർത്തി വെള്ളക്കെട്ടുകൾ. റോഡിലെ കുഴികളിൽ വെള്ളംനിറഞ്ഞ് കിടക്കുന്ന അവസ്ഥയ്ക്കു പുറമെയാണ് വെള്ളക്കെട്ടിന്റെകൂടി ഭീഷണി ഉയർന്നിരിക്കുന്നത്.
നേരത്തെ പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ മഴ ശക്തമായതോടെ കുളപ്പുള്ളി മുതൽ പത്തിരിപ്പാല വരെയുള്ള ഭാഗങ്ങളിൽ അഴുക്കുചാൽനിറഞ്ഞ് പല ഭാഗങ്ങളിലും റോഡിലേക്കാണ് വെള്ളം ഒഴുകിവരുന്നത്.
ചാലുകളിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്യാതിരുന്നതും തിരിച്ചടിയായി. റോഡിലെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സാഹചര്യം പല ഭാഗങ്ങളിലും ഇല്ല. പാതയിൽ പലഭാഗത്തും റോഡിൽ മഴ പെയ്താൽ വെള്ളക്കെട്ട് പ്രശ്നമുണ്ട്.
വെള്ളംകെട്ടിനിന്നാൽ ചരലുംമണ്ണും അടിഞ്ഞുകൂടുന്ന സ്ഥിതിയുമാണ്. ഇതിനു പുറമേ പാതയോരത്തെ അപകടഭീഷണിയായി മരങ്ങളും വളർന്നുനിൽക്കുന്നുണ്ട്. റോഡുകളിൽ രൂപപ്പെട്ട കുഴികളിൽ വെള്ളംനിറഞ്ഞ് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മറ്റു ചെറുവാഹനങ്ങളും അപകടത്തിൽപെടുന്നതും പതിവായിട്ടുണ്ട്. റോഡിന്റെ പല ഭാഗങ്ങളും തകർച്ച നേരിട്ടിരിക്കുകയാണ്. വാണിയംകുളം അജപ മഠത്തിനു സമീപമുള്ള റോഡിലെ കുഴികൾ വലിയ അപകടഭീക്ഷിയാണ് ഉയർത്തുന്നത്.