കരിങ്കയത്ത് പാതയോരത്തെ സോളാർ ഫെൻസിംഗിൽ എപ്പോഴും വൈദ്യുതി പ്രവാഹം; നാട്ടുകാർ ഭീതിയിൽ
1577556
Monday, July 21, 2025 1:52 AM IST
മംഗലംഡാം: വഴിയോരത്തെ തോട്ടത്തിൽ സോളാർ ഫെൻസിംഗ് പകൽസമയവും ഓൺ ചെയ്തിടുന്നതു അപകടസാധ്യത ഉണ്ടാക്കുന്നതായി പരാതി.
മംഗലംഡാം കരിങ്കയത്താണ് കുട്ടികൾ ഉൾപ്പെടെ ആളുകൾ നടന്നുപോകുന്ന വഴിയോരത്തെ തോട്ടത്തിലെ ഫെൻസിംഗ് പകലും ഓഫാക്കാതെ അപകട ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ ഫെൻസിംഗിലേക്ക് മരം വീണതിനെ തുടർന്ന് വഴി നടക്കുന്നവർക്ക് ഷോക്കേൽക്കുന്ന സ്ഥിതിയാണെന്നു പ്രദേശവാസിയായ സോണി പറഞ്ഞു. വൈദ്യുതി പ്രവഹിക്കുന്ന ഫെൻസിംഗിൽ തട്ടിയാണ് മരം വഴിയിലേക്കു വീണിട്ടുള്ളത്. തോട്ടംഉടമ പ്രദേശത്തുകാരനല്ലാത്തതിനാൽ വല്ലപ്പോഴും തോട്ടത്തിലേക്കു വരുമ്പോൾ മാത്രമാണ് ലൈൻ ഓഫാക്കുക.
അതല്ലെങ്കിൽ പകലും വേലിയിൽ കറന്റുണ്ടാകും. കുട്ടികൾ ഉൾപ്പെടെ നടന്നുപോകുന്ന വഴിയാണിത്. കുട്ടികൾ കളിച്ച് കമ്പിയിൽ പിടിച്ചാൽ അപകടമുണ്ടാകും.
കെഎസ്ഇബി അധികൃതരോടു വിവരം പറഞ്ഞപ്പോൾ പോലീസിൽ പരാതി നൽകാൻപറഞ്ഞ് കൈയൊഴിയുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. സോളാർ ഫെൻസിംഗ് സ്ഥാപിക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതി വേണമെന്നു നിർദ്ദേശമുണ്ടെങ്കിലും ഫെൻസിംഗ് അപകടാവസ്ഥയിലാകുമ്പോൾ സ്ഥലത്ത് വന്നു പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാൻ തയാറാകുന്നില്ലെന്ന ആക്ഷേപമുണ്ട്.
മേഖലയിൽ പല തോട്ടങ്ങളിലും പകൽ സമയം വേലികളിൽ വൈദ്യുതി പ്രവാഹമുണ്ട്.പ്രദേശത്തെ കുറിച്ച് അറിയാത്തവർ പ്രാഥമികാവശ്യങ്ങൾക്കൊ മറ്റോ തോട്ടങ്ങളിലേക്കു പ്രവേശിക്കുമ്പോൾ ശ്രദ്ധിക്കണം.