ബൈക്ക് ലോറിക്കുപിന്നിൽ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
1582573
Saturday, August 9, 2025 10:38 PM IST
വിഴിഞ്ഞം: ബൈപ്പാസിലൂടെ സഞ്ചരിച്ച ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു. നിയന്ത്രണം തെറ്റിയ സ്കൂട്ടർ ഡിവൈഡറിലേക്ക്ഇടിച്ച് കയറി യുവാവിന് ദാരുണാനന്ത്യം.
വെങ്ങാന്നൂർ മുട്ടയ്ക്കാട് കളത്തറ വീട്ടിൽ ശാലിനിയുടെയും ദിലീപിന്റെയും മകൻ ധനഞ്ജയ് (19) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സുഹൃത്ത് അഭിജിത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടോടെ കോവളം കാരോട് ബൈപ്പാസിൽ തലക്കോട് പയറുംമുടിന് സമീപമായിരുന്നു അപകടം.
സുഹൃത്തുകളായ നാലുപേർ ചേർന്ന് രണ്ട് സ്കൂട്ടറുകളായി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ഇവർ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി.
തിരികെ വീട്ടിലേക്ക് ബൈപ്പാസിലൂടെ മടങ്ങുന്ന വഴിയാണ് പാലത്തിന് സമീപം മുന്നിലൂടെ പോയ ലോറിയുടെ പിന്നിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ധനഞ്ജനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദക്ഷിണും ധനശ്രീയും സഹോദരങ്ങളാണ്. കാലിന് പരിക്കേറ്റ അഭിജിത്ത് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസിയിലാണ്. വിഴിഞ്ഞം പോലീസ് കേസെടുത്തു. ചാക്ക ഐടിഐയിലെ മൂന്നാം വർഷ വിദ്യാർഥിയാണ്.