"നാടറിയാൻ ചങ്ങാത്തം കൂടാൻ' വിദേശത്തുനിന്നുമെത്തി കുട്ടികൂട്ടം
1583089
Monday, August 11, 2025 6:53 AM IST
കാട്ടാക്കട: നാടറിയാൻ ചങ്ങാത്തം കൂടാൻ വിദേശത്തുനിന്നുമെത്തി കുട്ടികൂട്ടം. വിദേശത്തെ സ്കൂളുകളിൽ പഠിക്കുന്ന 25 കുട്ടികൾ കാട്ടാക്കട പ്രദേശത്തു എത്തുകയും കാഴ്ചകൾ കണ്ട് തങ്ങാത്തം കൂടാനുമാണ് നാട്ടിലെത്തിയത്.
കടലു കടന്നെത്തിയ അവർക്ക് നാട്ടിലെ കുട്ടികൾ നിമിഷങ്ങൾക്കകം ചങ്ങാതിമാരുമായി. കാട്ടാക്കട നിയോജകമണ്ഡലവും മലയാളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സാംസ്കാരിക വിനിമയ പരിപാടി 'വേരുകൾ ചിറകുകൾ' അകം - പുറം മലയാളി ത്രിദിന സഹവാസക്യാമ്പ് കുട്ടിക്കൂട്ടം പാട്ടും കളിചിരികളുമായി ആവേശത്തിലായി.
ഉദ്ഘാടകയായെത്തിയ സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ കുഞ്ഞുണ്ണി മാഷിന്റെകവിത ചൊല്ലി കുട്ടികളുടെ മനം കവർന്നു. പുളിയറക്കോണം മിയാവാക്കി വനം ചുറ്റിനടന്നു കാണുകയും മിയാവാക്കിയുടെ കഥയറിയുകയും ചെയ്തതോടെ കുട്ടിക്കൂട്ടം ഉഷാറിലായി. മന്ത്രി വി. ശിവൻകുട്ടി പരിപാടികൾക്ക് ആശംസകൾ നേർന്നു.
മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയുടെ നാടൻപാട്ട് കുട്ടിക്കൂട്ടം ഏറ്റുപാടി, താളമിട്ടു. മിയാവാക്കി ഫോറസ്റ്റ് ലാബിന്റെ ഡയറക്ടർ എം.ആർ. ഹരി കുട്ടികൾക്ക് മിയവാക്കി വനത്തിന്റെ പ്രത്യേകതകൾ വിശദീകരിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം ക്യാമ്പ് ഡയറക്ടർ വിനോദ് വൈശാഖിയുടെ നേതൃത്വത്തിൽ കുട്ടികൾ കോട്ടൂർ ആനപരിപാലന കേന്ദ്രം സന്ദർശിച്ചു.