സമൂഹം നിലനില്ക്കുന്നതു നല്ല അമ്മമാരുടെ നേതൃത്വംകൊണ്ട്: അടൂർ
1583084
Monday, August 11, 2025 6:52 AM IST
നേമം: സമൂഹം നിലനില്ക്കുന്നതു നല്ല അമ്മമാരുടെ നേതൃത്വം കൊണ്ടാണെന്നും സ്ത്രീകൾ പുരുഷന്മാരെക്കാൾ ശക്തരായി കാര്യങ്ങൾ നോക്കുന്നവരാണെന്നും അടൂർ ഗോപാലകൃഷ്ണൻ.
ഡോ. സുകുമാര്‍ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ അഴീക്കോട് സ്മാരക അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്.ആരുടെയും മുഖം നോക്കാതെ സത്യം തന്റേടത്തോടെ വിളിച്ചു പറയാൻ ധൈര്യംകാണിച്ച വ്യക്തിയായിരുന്നു സുകുമാര്‍ അഴീക്കോടെന്ന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായിരുന്ന സമയത്ത് ഒരു വിവാദമുണ്ടായപ്പോള്‍ ഒപ്പം നിന്ന വ്യക്തിയായിരുന്നു സുകുമാര്‍ അഴീക്കോട്. അന്ന് കോണ്‍ഗ്രസ് മന്ത്രിസഭയായിരുന്നു. ഒരു മന്ത്രി തന്നെ വിമര്‍ശിച്ചപ്പോള്‍ അഴീക്കോട് ഇടപ്പെട്ടിരുന്നു-അടൂർ ഗോപാലകൃഷ്ണൻ ഓർമകൾ പങ്കുവച്ചു. ട്രസ്റ്റ് പ്രസിഡന്റ് ശാസ്താന്തല സഹദേവന് അധ്യക്ഷനായി.
ഡോ.ഇന്ദ്രബാബു, ഡോ. കെ. സുധാകരന്, ഡോ. വി.ആര്. ജയറാം, പനവിള രാജശേഖരന്, ദിനേശ് നായര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. അഴീക്കോട് സ്മാരക അവാര്‍ഡ് ഡോ. ഷാജി പ്രഭാകരന് അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ചു.
പരിപാടിയിൽ ചിത്രരചന മത്സര വിജയികള്‍ക്കുള്ള അവാർഡുകളും ചികിത്സസഹായങ്ങളും വിതരണം ചെയ്തു.