ഫ്രീഡം മെലഡീസ് ഇന്റർ സ്കൂൾ ദേശഭക്തിഗാനാലാപന മത്സരത്തിൽ കാർമ്മലും സെന്റ് തോമസും ജേതാക്കൾ
1583266
Tuesday, August 12, 2025 3:35 AM IST
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പത്താമത് ഫ്രീഡം മെലഡീസ് ഇന്റർ സ്കൂൾ ദേശഭക്തിഗാനാലാപന മത്സരത്തിൽ സീനിയർ വിഭാഗത്തിൽ വഴുതക്കാട് കാർമ്മൽ സ്കൂളും യുപി വിഭാഗത്തിൽ മുക്കോല സെന്റ് തോമസ് സ്കൂളും ഒന്നാംസ്ഥാനം കരസ്ഥമാക്കി.
സെന്റ് ജോൺസ് സ്കൂളിലെ പ്ലസ് ടു വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഈ വർഷം ഫ്രീഡം മെലഡീസ് 2025 സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി നടന്നു വരുന്ന ഫ്രീഡം മെലഡീസ് ഇന്റർ സ്കൂൾ ദേശഭക്തി ഗാനാലാപന മൽസരം ഏറെ ശ്രദ്ധേയമായതാണ്.
വിവിധ സ്കൂളുകളിൽ നിന്നായി 27 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. എച്ച്എസ് ആൻഡ് എച്ച്എസ്എസ് വിഭാഗത്തിൽ കാർമ്മൽ ഗേൾസ് എച്ച്എസ്എസ്, വഴുതക്കാട്- ഗവ. ഗേൾസ് എച്ച്എസ്എസ്, കോട്ടൺ ഹിൽ- ലയോള സ്കൂൾ, ശ്രീകാര്യം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യുപി വിഭാഗത്തിൽ സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ, മുക്കോലയ്ക്കൽ സെന്റ്് മേരീസ് എച്ച്എസ്എസ്, പട്ടം -നസറത്ത് ഹോം സ്കൂൾ, ബാലരാമപുരം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിജയികൾക്കു വിവിധ വിഭാഗങ്ങളിലായി നാൽപതിനായിരത്തിലധികം രൂപ സമ്മാനതുകയായി നൽകി. പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിലിന്റെ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ സമ്മാനദാനം നടത്തി. വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ, പിടിഎ പ്രസിഡന്റ് ആൻജലോ മാത്യു കൺവീനർ ബിജു കെ. ജോർജ് എന്നിവർ നേതൃത്വം നൽകി.