സെക്യൂരിറ്റിക്കാരനെതിരെ നടപടി : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലെ മൃതദേഹം ബന്ധുക്കൾക്ക് കാട്ടിക്കൊടുത്തു
1583076
Monday, August 11, 2025 6:42 AM IST
നെടുമങ്ങാട്: ജില്ലാ ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന നാലു മാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം അധികൃതരുടെ അനുവാദമില്ലാതെ ബന്ധുക്കൾക്ക് കാണിച്ചു കൊടുത്തതിനു സെക്യൂരിറ്റി ജീവനക്കാരനു കാരണം കാണിക്കൽ നോട്ടീസ് നൽകി.
താത്കാലിക ജീവനക്കാരൻ സുരേഷ്കുമാറിനെ 15 ദിവസം ജോലിയിൽനിന്നു മാറിനിൽക്കാൻ ആശുപത്രി സൂപ്രണ്ട് നിർദേശം നൽകി. സിപിഎം പറണ്ടോട് ബ്രാഞ്ച് സെക്രട്ടറിയാണു സുരേഷ് കുമാർ. കഴിഞ്ഞ മൂന്നിനു നെടുമങ്ങാട് ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം. ഭർതൃഗൃഹത്തിൽ മരിച്ച ഗർഭിണിയായ യുവതിയുടെ മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റിനു നിശ്ചയിച്ചിരുന്നു.
ഇതിനിടെ, ആശുപത്രിയിൽ കാന്റീൻ നടത്തുന്ന ആൾക്കും ബന്ധുകൾക്കുമാണ് ഫ്രീസർ തുറന്നു മൃതദേഹം കാണിച്ചു കൊടുത്തത്. മോർച്ചറിയുടെ താക്കോൽ സൂക്ഷിക്കേണ്ടത് നഴ് സിംഗ് സ്റ്റാഫാണ്. ഇവർ അറിയാ തെയാണു സുരേഷ്കുമാർ താക്കോൽ എടുത്തു കൊണ്ടുപോയി മോർച്ചറി തുറന്നത്. സംഭവം ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായും ആരോപണം ഉണ്ട്.