കാര്‍ മതിലിലേക്ക് ഇടിച്ചുകയറി അഞ്ചു പേര്‍ക്കു പരിക്ക്
1583086
Monday, August 11, 2025 6:53 AM IST
വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാര്‍ മതിലിലേക്ക് ഇടിച്ചു കയറി ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് പരിക്ക്. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കാറിലെ യാത്രക്കാർ.
കഴക്കൂട്ടം അമ്പലത്തിന്‍കര സൗഹൃദ നഗര്‍ സിന്ധു ഭവനില്‍ സരസ്വതി അമ്മ (70), ഇവരുടെ മകളും തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലെ ഹെഡ് നഴ്സുമായ സിന്ധു (52), ഇവരുടെ മകനും എക്സൈസ് നാര്‍ക്കോട്ടിക് വിഭാഗത്തിലെ ഉദ്യോഗസ്ഥനുമായ അക്ഷയ് സുരേഷ് (29), ഇദ്ദേഹത്തിന്റെ ഭാര്യ ഭവ്യ (26), സിന്ധുവിന്റെ സഹോദരന്റെ മകള്‍ ആരാധ്യ(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ 6.30ന് എം.സി. റോഡില്‍ വെഞ്ഞാറമൂട് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. കിളിമാനൂര്‍ ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്കു വരുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ നടപ്പാതയും കടന്നു വെഞ്ഞാറമൂട് ജിഎച്ച്എസ്എസിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു യാത്രക്കാര്‍ ഉള്ളില്‍ കുടുങ്ങി.
വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയും വെഞ്ഞാറമൂട് പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അക്ഷയ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഇദ്ദേഹം ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു നിഗമനം.