കാരേറ്റ് - പാലോട് റോഡ് നിർമാണം പുനഃരാരംഭിച്ചു
1583258
Tuesday, August 12, 2025 3:35 AM IST
പാലോട്: റീ ടെണ്ടർ ചെയ്ത വാമനപുരം - ചിറ്റാർ റോഡിന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചതായി ഡി.കെ. മുരളി എംഎൽ എ അറിയിച്ചു.
നിലവിലുള്ള കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ഉൾപ്പെടുത്തി നീക്കം ചെയ്തതിനു ശേഷം ബാക്കിയുള്ള പ്രവൃത്തിക്ക് 14.80 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കി ടെണ്ടർ ചെയ്തിരുന്നു. ഇതിൻ പ്രകാരമുള്ള ഇ-ടെണ്ടറിൽ എസ്റ്റിമേറ്റ് തുകയെക്കാൾ 19 ശതമാനം അധികം തുക ക്വാട്ട് ചെയ്ത ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിക്കാണ് പുതിയ കരാർ ലഭിച്ചത്.
ടെണ്ടർ തുക പുതുക്കിയ ഡി.എസ്.ആറിനെ ക്കാൾ കൂടുതലാണെങ്കിലും റോഡ് നിർമാണത്തിന്റെ അനിവാര്യത സർക്കാരിനെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ടെണ്ടർ അംഗീകരിച്ചത്. മാസങ്ങൾക്കു മുമ്പ് 30 ലക്ഷം രൂപയുടെ മെയിന്റനൻസ് പ്രവർത്തികളും റോഡിൽ നടത്തിയിരുന്നു.
ബിഎം, ഡാമേജ് പോർഷൻ, ബിസി സർഫസിംഗ്, ഡ്രയിൻ - കൽവർട്ട്, കാരിയേജ് വേ, ട്രാഫിക് സുരക്ഷാ പ്രവൃത്തികൾ, വാട്ടർ അതോറിറ്റി റെസ്റ്റോ റേഷൻ തുടങ്ങിയവ പുതിയ പ്രവൃത്തികളിൽ ഉൾപ്പെടുത്തി യിട്ടുണ്ട്. 12 മാസമാണ് പ്രവൃത്തിയുടെ കാലാവധി.