ടെക്നോപാർക്കിലെ കെട്ടിട നിർമാണം: താൽപര്യപത്രം ക്ഷണിച്ചു
1583248
Tuesday, August 12, 2025 3:35 AM IST
തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് ഐടി മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയായ ക്വാഡിൽ ഉൾപ്പെടുത്തി ടെക്നോപാർക്ക് ഫേസ്-4 (ടെക്നോസിറ്റി, പള്ളിപ്പുറം) കാന്പസിൽ നിർമിക്കുന്ന രണ്ടാമത്തെ ഐടി ഓഫീസ് കെട്ടിടത്തിനായി സഹനിർമാതാക്കളിൽ നിന്ന് ടെക്നോപാർക്ക് താൽപര്യപത്രം (ഇഒഐ) ക്ഷണിച്ചു.
ഐടി പ്രഫഷണലുകൾക്ക് റസിഡൻഷ്യൽ ക്വാർട്ടേഴ്സുകളും ഷോപ്പിംഗും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിക്കുന്ന ലൈവ് വർക്ക്പ്ലേ കാന്പസായിട്ടാണു കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. എട്ടുലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ളതും ഏകദേശം 4.50 ഏക്കർ ഭൂമിയിൽ ദീർഘ കാലത്തേക്ക് പാട്ടത്തിനെടുക്കുന്നതുമാണ് (കേസ് ടു കേസ് അടിസ്ഥാനത്തിൽ 90 വർഷം) രണ്ടാമത്തെ ഐടി കെട്ടിടം.
ലേലത്തിൽ പങ്കെടുക്കുന്നവർ കന്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ, പബ്ലിക് ലിമിറ്റഡ് കന്പനിയായിരിക്കണം. കുറഞ്ഞത് അഞ്ചു വർഷത്തേക്ക് ഇന്ത്യയിൽ പ്രവർത്തിച്ചിരിക്കണം. സംയുക്ത സംരംഭം / സംയുക്ത അപേക്ഷ / കണ്‍സോർഷ്യം എന്നിവ സ്വീകരിക്കില്ല. കഴിഞ്ഞ മൂന്നുസാന്പത്തിക വർഷങ്ങളിൽ ഓരോന്നിലും 35 കോടി രൂപയുടെ വാർഷിക വിറ്റുവരവ് നേടിയിരിക്കണം.
ബിഡ്ഡർക്ക് കുറഞ്ഞതു നാലു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സമാനമായ പദ്ധതി വിജയകരമായി പൂർത്തിയാക്കിയ പരിചയം ഉണ്ടായിരിക്കണം. അല്ലെങ്കിൽ കുറഞ്ഞതു മൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഐടി കെട്ടിടങ്ങൾ/വാണിജ്യ/ഓഫീസ് കെട്ടിടങ്ങൾ എന്നിവയുടെ രണ്ട് പ്രോജക്ടുകളോ രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഐടി കെട്ടിടങ്ങൾ/വാണിജ്യ/ഓഫീസ് കെട്ടിടങ്ങൾ എന്നിവയുടെ മൂന്ന് പ്രോജക്ടുകളോ പൂർത്തിയാക്കിയിരിക്കണം. ഇവ ഉൾപ്പെടെ കഴിഞ്ഞ ഏഴ് വർഷത്തെ നിർമാണ പ്രവർത്തനങ്ങൾ ബിഡിനായുള്ള അപേക്ഷയിൽ ഉൾപ്പെടുത്തണം.
കൂടുതൽ വിവരങ്ങൾക്ക്: ht tp://www.technopark.in/Tenders. സെപ്റ്റംബർ 18ന് വൈകുന്നേരം അഞ്ചു വരെ താൽപര്യപത്രം സമർപ്പിക്കാം. ഇതു സംബന്ധിച്ച വ്യക്തതകൾക്കായി ഓഗസ്റ്റ് 28 ന് വൈകുന്നേരം നാലിന് ഓണ്‍ലൈനായും ഓഫ്ലൈനായും മീറ്റിംഗ് നടത്തും. ഇതു സം
ബന്ധിച്ച സംശയങ്ങൾക്കും വിവരങ്ങൾക്കും: rahul@techno park.in / madhavan_praveen @technopark.in.