മുട്ടടയിലെ എസ്ബിഐ എടിഎം പ്രവര്‍ത്തനം അവസാനിപ്പിച്ചു
1582715
Sunday, August 10, 2025 6:46 AM IST
പേരൂര്‍ക്കട: മുട്ടട ജംഗ്ഷനില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം കൗണ്ടര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഒരാഴ്ച മുമ്പാണ് കൗണ്ടറിനുള്ളിലെ മെഷീന് ഇളക്കിക്കൊണ്ടുപോയത്. കരാര്‍ പുതുക്കാത്തതാണ് കൗണ്ടറിന്റെ പ്രവര്‍ത്തനം അവസാനിക്കാന്‍ കാരണമായതെന്നാണു സൂചന. ബാങ്കുകള്‍ക്കുവേണ്ടി എടിഎം കൗണ്ടറുകള്‍ സ്ഥാപിച്ചുവരുന്നത് സ്വകാര്യ ഏജന്‍സികളാണ്.
മുട്ടടയിലെ എടിഎം കൗണ്ടറിനോടു കുറച്ചുനാളായി അധികൃതര്‍ക്ക് നിസ്സഹകരണ മാനോഭാവമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൗണ്ടര്‍ വൃത്തിയാക്കുന്നതിനോ കൃത്യമായി പണം മെഷീനുള്ളില്‍ നിറയ്ക്കുന്നതിനോ അധികൃതര്‍ താല്‍പ്പര്യം കാണിക്കാറില്ലായിരുന്നു. പൊടിയും വലയും കെട്ടിയ നിലയിലായിരുന്നു കുറച്ചുനാളായി എടിഎമ്മും പരിസരവും.
മുട്ടടയിലെ എടിഎം കൗണ്ടര്‍ മാത്രമാണ് ഇപ്പോഴുള്ളത്. പലപ്പോഴും കൗണ്ടറിനടുത്ത് എത്തുമ്പോഴാണ് ഇവിടെ പ്രവര്‍ത്തനമില്ലെന്നു പൊതുജനങ്ങള്‍ അറിയുന്നത്. കൗണ്ടറിനു സമീപം ഇപ്പോള്‍ രണ്ടുമൂന്നു കസേരകള്‍ നിരത്തിയിട്ടിരിക്കുകയാണ്- ജനങ്ങള്‍ക്കു വിശ്രമിക്കാന്‍. എടിഎമ്മിന്റെ സേവനം ലഭിക്കുന്നതിന് പരുത്തിപ്പാറ ജംഗ്ഷനിലോ പേരൂര്‍ക്കട ജംഗ്ഷനിലോ എത്തണം.