പൊന്മുടി ഹൈവേ : പുനർ നിർമാണത്തിന് 172.22 കോടിയുടെ ഭരണാനുമതി
1583081
Monday, August 11, 2025 6:42 AM IST
വിതുര: പൊന്മുടി സംസ്ഥാന ഹൈവേ പുനർ നിർമാണ പദ്ധതി പൂർത്തീകരിക്കാനായി 172.22 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജി. സ്റ്റീഫൻ എംഎൽഎ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്താക്കി അടിയന്തിരമായി പണി തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു. 167 കോടി രൂപയ്ക്കാണു പദ്ധതിക്ക് ആദ്യം ഭരണാനുമതി ലഭിച്ചത്. 2022 ജനുവരിയിൽ പദ്ധതി തുടങ്ങി.
മൂന്നര വർഷത്തോളം കരാർ കമ്പനി പണി ചെയ്തിട്ടും പകുതി പോലും എത്തിയില്ല. പിന്നീട് ഏപ്രിലിൽ കരാർ കമ്പനിയെ ടെർമിനേറ്റ് ചെയ്തു. തുടർന്നാണു പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചതും ഭരണാനുമതി വാങ്ങിയതും. ആദ്യ കരാർ കമ്പനിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മുക്കാൽ മീറ്ററോളം റോഡിന്റെ ഉയരം കൂട്ടിയിരുന്നു. ഇക്കാരണത്താൽ പല ചെറു റോഡുകളിൽ നിന്നും വീടുകളിൽ നിന്നും റോഡിലേക്ക് ഇറങ്ങുക ദുഷ്കരമായി.
പണി നിലച്ചതോടെ പലയിടത്തും ഇത് പരിഹരിക്കപ്പെട്ടിട്ടില്ല. തൊളിക്കോട് ജംഗ്ഷനിൽ വെള്ളക്കെട്ട് പതിവായതും റോഡ് നിർമാണം തുടങ്ങിയ ശേഷമാണ്. ഇവിടത്തെ പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഹൈവേയിലെ തൊളിക്കോട് ഇരപ്പിൽ, മന്നൂർക്കോണം, മുള്ളുവേങ്ങാമൂട് ജംഗ്ഷനുകളിൽ നൂറു മീറ്ററോളം മെറ്റലുകൾ ഇളകിയ നിലയിലാണ്. ഇരപ്പിലിൽ കലുങ്ക് നിർമാണം പൂർത്തിയായിട്ടില്ല.
കളീയ്ക്കൽ പാലവും കല്ലാർ നെല്ലിക്കുന്ന് പാലവും പൊളിച്ചു പണിഞ്ഞിട്ടില്ല. ഹൈവേയിൽ പലയിടത്തും വെള്ളക്കെട്ട് പതിവാണ്. മഴ പതിവായതോടെ സ്ഥിതി കൂടുതൽ വഷളായി. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു വേണം പണി പൂർത്തിയാക്കാൻ.