നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലെ ഫ്രീസർ തുറന്നു മൃതദേഹം കാണിച്ച സംഭവം: മൂന്നംഗ സമിതി അന്വേഷിക്കും
1583262
Tuesday, August 12, 2025 3:35 AM IST
നെടുമങ്ങാട്: ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം സുരക്ഷ ജീവനക്കാരൻ ഫ്രീസർ തുറന്നു കാണിച്ച സംഭവത്തിൽ മൂന്നംഗ സമിതി അന്വേഷണം നടത്തും.
ഡെപ്യൂട്ടി സൂപ്രണ്ട്, നഴ്സിംഗ് സൂപ്രണ്ട്, ലേ സെക്രട്ടറി എന്നിവരുടെ സമിതിയാണ് അന്വേഷിക്കുന്നത്. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറുമെന്നാണു വിവരം. സംഭവത്തിൽ സുരക്ഷ ജീവനക്കാരൻ സുരേഷ് കുമാറിനെ 15 ദിവസത്തേക്കു ജോലിയിൽനിന്നു മാറ്റിനിർത്തി.
കരിപ്പൂര് സ്വദേശിനിയായ 28 കാരിയാണ് ശനിയാഴ്ച മരിച്ചത്. ശേഷം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്കു മൃതദേഹം മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെയാണ് സുരേഷ് കുമാർ കാന്റീൻ നടത്തുന്ന ആൾക്കും ബന്ധുക്കൾക്കും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കാണിച്ചത്.