സീസണെത്തി; നെയ്യാർ വിനോദ സഞ്ചാരകേന്ദ്രത്തിന് അവഗണന
1583079
Monday, August 11, 2025 6:42 AM IST
പാർക്കിലെ ഉപകരണങ്ങൾ തുരുന്പെടുത്തു നശിച്ചു ; ഇഴജന്തുക്കളുടെ ശല്യവും രൂക്ഷം
നെയ്യാർഡാം : ചന്തമേറിയ ജീവൻ തുടിക്കുന്ന പ്രതിമകൾക്ക് തിളക്കമറ്റു. പരിസരമാകെ വൃത്തിഹീനം. ഉദ്യാനവും കുട്ടികളുടെ പാർക്കുമൊക്കെ കാടുമൂടി. ഓണം പടിവാതിക്കലെത്തിയിട്ടും തലസ്ഥാന ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ നെയ്യാർഡാം വിനോദസഞ്ചാരകേന്ദ്രത്തിന് അവഗണന.
ഒരുകാലത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു നെയ്യാർഡാം. ഇന്നു വലിയ പ്രതീക്ഷകളോടെ നെയ്യാർഡാമിലെത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുന്നു. ഏറെ ആകർഷകമായിരുന്ന കുട്ടികളുടെ പാർക്ക് കാടുകയറിയ നിലയിലാണ്. പരിചരണമില്ലാതെ കളിക്കോപ്പുകളൊക്കെ നശിച്ചു. പ്രതീക്ഷയോടെ എത്തുന്ന കുട്ടികൾക്ക് പാർക്ക് പുറത്തുനിന്നു നോക്കി നെടുവീർപ്പിടാനേ കഴിയൂ.
ടൈൽസ് പാകിയ ഇരിപ്പിടങ്ങളും നശിച്ചു. ഇഴജന്തുക്കളുടെ സാന്നിധ്യവുമുണ്ട്. അതിനാൽ ഭീതിയോടെ മാത്രമേ പാർക്കിൽ ഇറങ്ങാനാകൂ. അണക്കെട്ടിനു സമീപം വിദൂരകാഴ്ചകൾ ആസ്വദിക്കാനായി പണിത പവലിയൻ സമൂഹവിരുദ്ധരുടെ താവളമാണ്. ദുർഗന്ധം കാരണം അടുക്കാനാകില്ല.
സിനിമാപ്രവർത്തകരുടെ ഇഷ്ട ലൊക്കേഷനായിരുന്ന വലിയ ഉദ്യാനം ഇന്നില്ല. റോപ്പ് വേ, സൗരോർജ വൈദ്യുതീകരണം, മൈസൂർ വൃന്ദാവൻ മാതൃകയിൽ പൂന്തോട്ടനവീകരണം എന്നിങ്ങനെ നെയ്യാർഡാമിന്റെ മുഖച്ഛായ മാറ്റി വിനോദസഞ്ചാര വികസനം യാഥാർഥ്യമാക്കാൻ 2018-19-ൽ കിഫ്ബിയിൽനിന്ന് 100 കോടി രൂപ വകയിരുത്തി തുടങ്ങിയ പദ്ധതികളും എങ്ങുമെത്തിയിട്ടില്ല. ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കി നെയ്യാർഡാമിനെ 'അഡ്വഞ്ചറസ് ഇക്കോ ടൂറിസം സെന്റർ ആക്കുമെന്ന വാഗ്ദാനമാണ് എവിടെയുമെത്താതെ നീളുന്നത്. കൂടാതെ ഇക്കോ ടൂറിസം ലക്ഷ്യമിട്ടുള്ള പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.
കാപ്പുകാട്-നെയ്യാർഡാം-കുമ്പിച്ചൽ കടവ് ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിയാണിതിൽ പ്രധാനം. എന്നാൽ, അധികൃതരുടെ അനാസ്ഥ നെയ്യാർഡാമിനെ സഞ്ചാരികളിൽനിന്ന് അകറ്റുകയാണ്. നെയ്യാർഡാമിലേക്കു പ്രവേശിക്കാൻ പാസ് എടുക്കണം. മുതിർന്നവർക്ക് 10 രൂപയും കുട്ടികൾക്ക് സൗജന്യവുമാണ്. വികസനപ്രവർത്തനങ്ങൾക്ക് ഈ തുക ഉൾപ്പെടെ വിനിയോഗിക്കാം എന്നുള്ളപ്പോഴാണ് അവഗണന തുടരുന്നത്.
ഓണക്കാലത്ത് ഒരു തട്ടിക്കൂട്ട് പരിപാടിയുമായി അധികൃതരെത്തും. മിനുക്കുപണികൾ മാത്രം നടത്തി മടങ്ങുന്നവർ ഇനി ഓർക്കുന്നത് അടുത്ത ഓണത്തിനും. വികസനം അന്യമായി സഞ്ചാരികളിൽനിന്നും അകന്നുകൊണ്ടിരിക്കുകയാണ് ഈ ജലസംഭരണിയും പരിസരവും.
ടൂറിസം വകുപ്പിന്റെയും വനം വകുപ്പിന്റെയും ബോട്ട് സവാരി സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പലപ്പോഴും സഞ്ചാരികൾ എത്തുമ്പോൾ ബോട്ടുകൾ കട്ടപ്പുറത്താകും. ഓണത്തിനും ബോട്ടുകൾ കട്ടപ്പുറത്തു തന്നെ. സഞ്ചാരികൾക്ക് ഏറെ ആകർഷകമായ മ്യൂസിക് ഫൗണ്ടൻ കേടായിട്ട് വർഷങ്ങളായി. ഇതു നവീകരിക്കാൻ പോലും ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
ഇൻഫർമേഷൻ സെന്റർ അടച്ചുപൂട്ടി. ഡാമിന്റെ വികസനത്തിന് ഇറിഗേഷൻ വനം ടൂറിസം വകുപ്പുകളുടെ ഏകോപനം ഇല്ലാത്തതാണ് പദ്ധതികൾ യാഥാർഥ്യമാകാതെ പോകുന്നത്.