ഡോക്ടറില്ല; കോൺഗ്രസ് ജനപ്രതിനിധികൾ ആലമുക്ക് മൃഗാശുപത്രി ഉപരോധിച്ചു
1582712
Sunday, August 10, 2025 6:46 AM IST
പൂവച്ചൽ: വാർഡുകൾ ഏറെയുള്ള പൂവച്ചൽ പഞ്ചായത്തിലെ ഏക മൃഗാശുപത്രിയിൽ ഏകദേശം ഒരു മാസത്തോളമായി ഡോക്ടർ ഇല്ലെന്നു പരാതി. ഈ മേഖലയിൽ ഏറ്റവും കൂടുതൽ പാൽ ഉൽപാദനം ഉണ്ടായിരുന്ന പൂവച്ചൽ പഞ്ചായത്തിൽ ഇപ്പോൾ ക്ഷീരകർഷകരുടെ എണ്ണം വളരെ കുറഞ്ഞു. അതിനു പ്രധാന കാരണം പശുക്കൾക്ക് എന്തെങ്കിലും ഒരു രോഗം വന്നാൽ ചികിത്സിപ്പിക്കാൻ ഡോക്ടർ ഇല്ലാത്തതും വിളിച്ചാൽ വരാത്തതുമാണ്.
കഴിഞ്ഞ ദിവസം പന്തടിക്കളം വിപി ഭവനിൽ അമലോൽഭവത്തിന്റെ കന്നുക്കുട്ടി യഥാസമയം ചികിത്സ കിട്ടാതെ മരണപ്പെട്ടിരുന്നു. മാത്രവുമല്ല പൂവച്ചൽ പഞ്ചായത്തിലെ നിരവധി പദ്ധതികൾ മുടങ്ങിക്കിടക്കുകയുമാണ്. 2024 25 സാമ്പത്തിക വർഷത്തെ കന്നുക്കുട്ടി വാങ്ങി നൽകൽ പദ്ധതി ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. 2025-26 സാന്പത്തിക വർഷത്തെ പോത്തുക്കുട്ടി വാങ്ങി നൽകൽ ഉൾപ്പെടെയുള്ള നിരവധി പ്രോജക്ടുകളും അനിശ്ചിതത്വത്തിലാണ്. ഇതേത്തുടർന്നാണ് പൂവച്ചൽ പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികൾ ആലമുക്ക് മൃഗാശുപത്രി ഉപരോധിച്ച് സമരം സംഘടിപ്പിച്ചത്.
ഉച്ചയോടെ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഡോ. ശാന്തിനി സമരക്കാരുമായി നടത്തിയ ചർച്ചയിൽ നാളെ രാവിലെ പത്തുമുതൽ ഡോക്ടറെ എത്തിക്കാമെന്ന ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. കട്ടയ്ക്കോട് തങ്കച്ചൻ, ആർ. അനൂപ് കുമാർ, ലിജു സാമുവൽ, സൗമ്യ ജോസ്, ബോബി അലോഷ്യസ്, ഐ. വത്സല തുടങ്ങിയവർ നേതൃത്വം നൽകി.