മരശിഖരങ്ങള്‍ നീക്കുന്നില്ല; വാഹന പാർക്കിംഗ് റോഡില്‍
1582718
Sunday, August 10, 2025 6:46 AM IST
പേരൂര്‍ക്കട: മുറിച്ചിട്ട തണല്‍മര ശിഖരങ്ങളും തടികളും കുന്നുകൂടി കിടക്കുന്നതിനാല്‍ പേരൂര്‍ക്കട ഗവ. ജില്ലാ ആശുപത്രിയിലെത്തുന്ന ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കവാടത്തിനു പുറത്തുള്ള റോഡുവശത്ത്.
ആഴ്ചകളായി ഈ സ്ഥിതിയാണ്. സമീപത്തെ കെഎച്ച്ആര്‍ഡബ്ല്യു പേവാര്‍ഡ് കെട്ടിടത്തിനു സമീപം സ്ഥിതിചെയ്തിരുന്ന തണല്‍മരങ്ങളാണ് മുറിച്ചുനീക്കിയത്. കെട്ടിടത്തിനു മുകളില്‍ മരംവീണ് കുറച്ചുഭാഗം തകര്‍ന്നതോടെയായിരുന്നു ഇത്. ഇവിടെയെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത് ഇവിടെയാണ്.
അതിനു നിശ്ചിത പാര്‍ക്കിംഗ് ഫീസും ഈടാക്കിയിരുന്നു. ഏകദേശം 100 വാഹനങ്ങള്‍ ഈ ഭാഗത്ത് പാര്‍ക്ക് ചെയ്യാമായിരുന്നു. ആശുപത്രി കവാടത്തിനെതിര്വശത്ത് കെഎസ് ആര്‍ടിസി പേരൂര്‍ക്കട ഡിപ്പോയാണ്. ഈ ഭാഗത്തു ബസുകള്‍ വന്നു തിരിയുന്നതിനാല്‍ ഇഎസ് ഐ ആശുപത്രിക്കു സമീപമാണ് ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.
ചെറിയ രീതിയിലുള്ള പരിക്കുകളുമായി എത്തുന്ന രോഗികളെ ആശുപത്രിക്കു സമീപം ഇറക്കി വാഹനങ്ങള്‍ ദൂരെ പാര്‍ക്ക് ചെയ്യേണ്ടതായ ഗതികേടാണ് ഇപ്പോഴുള്ളത്.