പൈലറ്റ് ഗൗതം സന്തോഷിന്റെ മൃതദേഹം സംസ്കരിച്ചു
1583246
Tuesday, August 12, 2025 3:35 AM IST
പേരൂര്‍ക്കട: വിമാനാപകടത്തില്‍ മരിച്ച മലയാളി പൈലറ്റിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 3.30നാണ് എയര്‍ഇന്ത്യ വിമാനത്തില്‍ മൃതദേഹഭാഗങ്ങള്‍ എത്തിച്ചത്. പൂജപ്പുര ശ്രീ ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗര്‍ ശ്രീശൈലത്തില്‍ അഡ്വ. കെ.എസ്. സന്തോഷ്കുമാര്‍-എല്‍.കെ. ശ്രീകല ദമ്പതികളുടെ മകന് ഗൗതം സന്തോഷ് (27) ആണ് ജൂലൈ 26നു ന്യൂ ഫൗണ്ട്ലാന്ഡിലെ ഡീര്‍ തടാകത്തിനു സമീപം വിമാനം തകര്‍ന്നു വീണു മരിച്ചത്. സഹപൈലറ്റും അപകടത്തില്‍ മരണപ്പെട്ടിരുന്നു.
ഗൗതം സന്തോഷിന്റെ മൃതദേഹത്തിന്റെ കുറച്ചുഭാഗങ്ങള്‍ മാത്രമാണ് ലഭിച്ചത്. ഗൗതമിന്റെ മൃതശരീരം കാനഡയില്‍ത്തന്നെ സംസ്കരിക്കാമെന്ന നിലപാടിലായിരുന്നു കനേഡിയല്‍ അധികൃതര്‍. എന്നാല്‍ ഗൗതമിന്റെ ബന്ധുകൂടിയ എന്‍. ശക്തന്റെ ഇടപെടലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനു വഴിതെളിച്ചത്.
ശശി തരൂര്‍ എംപി ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുകയുണ്ടായി. ഇന്ത്യന്‍ എംബസിയും നോര്‍ക്കയും നടത്തിയ ഇടപെടലുകളും മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള തടസങ്ങള്‍ മാറ്റാന്‍ സഹായകമായി. കാനഡയിലെ സെന്റ് ജോണ്‍സ് ഹെല്‍ത്ത് സയന്‍സ് സെന്ററില്‍ സൂക്ഷിച്ചിരുന്ന മൃതദേഹഭാഗങ്ങള്‍ നാട്ടിലെത്തിക്കുകയായിരുന്നു.
വന്‍ ജനാവലിയാണ് പൂജപ്പുരയിലെ വസതിക്കുമുന്നില്‍ ഗൗതമിന്റെ മൃതദേഹ ഭാഗങ്ങള്‍ കാണാന്‍ തടിച്ചുകൂടിയത്. ഉച്ചയ്ക്ക് 1.30വരെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം രണ്ടുമണിക്കായിരുന്നു സംസ്കാരച്ചടങ്ങുകള്‍. മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു.