വെട്ടുകാട് പള്ളിയിലെത്തിയ യുവതിയുടെ മാലമോഷ്ടിച്ച രണ്ടുപേർ പിടിയിൽ
1583267
Tuesday, August 12, 2025 3:35 AM IST
വലിയതുറ: വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെത്തിയ യുവതിയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ സഹോദരിമാരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി മാരിയമ്മന്‍ തെരുവില്‍ ഡോര്‍ നമ്പര്‍ 23-ല്‍ പളനിയമ്മ (45), കൊടകാദി (48) എന്നിവരാണ് അറസ്റ്റിലായത്.
ആനയറ സ്വദേശിയായ യുവതിയുടെ മാലയാണ് പ്രതികള്‍ കവര്‍ന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11.15 ഓടുകൂടിയായിരുന്നു സംഭവം. പള്ളിയിലെ ക്രിസ്തുരാജ പ്രതിമയില്‍ ഹാരം ചാര്‍ത്തുകയായിരുന്ന യുവതിയുടെ 3.5 പവന് തൂക്കം വരുന്ന സ്വര്‍ണ മാലയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തു കടന്നത്. വീടുകളില്‍നിന്നു പഴയ വസ്ത്രങ്ങള്‍ വാങ്ങുന്ന സംഘത്തിലുള്ളവരാണ് മോഷ്ടാക്കളെന്ന് പോലീസ് പറഞ്ഞു.
ഇവര്‍ വെട്ടുകാട് മേഖലയിലെ വീടുകളിലെത്തി പഴയ വസ്ത്രങ്ങള്‍ വാങ്ങി ശേഖരിച്ച ശേഷമാണ് പള്ളിവളപ്പിലെത്തിയത്. തുടര്‍ന്നു മാല പൊട്ടിച്ചെടുത്തശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മാല നഷ്ടപ്പെട്ട യുവതി വലിയതുറ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്നു മോഷ്ടാക്കള്‍ സഞ്ചരിച്ച ഓട്ടോ റിക്ഷ കണ്ടെത്തുകയായിരുന്നു.
ഓട്ടോ ഡ്രൈവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥനത്തില്‍ വെട്ടുകാട് മുതല്‍ കഴക്കൂട്ടം വരെയുളള നിരവധി സി സിടിവി കാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന് ഭാഗത്ത് തമ്പടിച്ചിരുന്ന സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസ് യാത്രികരായ സ് ത്രീകളുടെ മാലകള്‍ കവരുന്ന സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായ പ്രതികളെന്നു പോലീസ് പറഞ്ഞു. വലിയതുറ പോലീസ് അറസ്റ്റുചെയ്ത പ്രതികളെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.