പട്ടാപകൽ പെട്രോൾ പമ്പിൽനിന്നും യുവാവിനെ തട്ടികൊണ്ടു പോയി
1583072
Monday, August 11, 2025 6:42 AM IST
തട്ടികൊണ്ടു പോയവർ രക്ഷപ്പെട്ടു; സാമ്പത്തിക പ്രശ്നമെന്നു സൂചന
കള്ളിക്കാട് : പട്ടാപകൽ പെട്രോൾ പമ്പിൽനിന്നും യുവാവിനെ തട്ടികൊണ്ടു പോയി. മണിക്കൂറുകൾക്കു ശേഷം ഉപേക്ഷിച്ചു. ഇന്നലെ വൈകുന്നേരം അ ഞ്ചോയോടെ കള്ളിക്കാട് പെട്രോൾ പമ്പിലാണ് സംഭവം.
വെള്ളറട പനച്ചമൂട് സ്വദേശിയും ഇപ്പോൾ കാട്ടാക്കട മൈലോട്ടുമൂഴിയിൽ വാടകയ്ക്ക് താമസിക്കുന്നവനുമായ ബിജു തങ്കച്ചനെയാണ് (36) ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. പിന്നീടു മണിക്കൂറുകൾക്കുശേഷം ബിജുവിനെ നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ചു. തട്ടികൊണ്ടു പോയവർ രക്ഷപ്പെടുകയും ചെയ്തു.
സംഭവം ഇങ്ങിനെ: കള്ളിക്കാടുള്ള പമ്പിൽനിന്നു വാഹനത്തിനു പെട്രോൾ അടിക്കാനായി എത്തിയതായിരുന്നു ബിജു. പെട്രോൾ അടിച്ചുകൊണ്ടിരിക്കുന്നതിനിടെ 15 ഓളംപേർ സ്ഥലത്തെത്തി കാർ വളയുകയായിരുന്നു. പിന്നാലെ ബിജുവിനെ വാഹനത്തിൽനിന്നു വലിച്ചിറക്കി മർദി ച്ചു. കാറിനു പിന്നിലുള്ള സീറ്റിലേക്ക് ഇയാളെ വലിച്ചിടുകയും ചെയ്തു.
കുറച്ചുപേർ വാഹനത്തിൽ കയറി ബിജുവിനെയും കൊണ്ടു കള്ളിക്കാട് ഭാഗത്തേക്ക് പോയി. കാട്ടാക്കട പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിജുവിനെ നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്.
പനച്ചമൂട് സ്വദേശിയായ ബിജുവും കുടുംബവും മൈലോട്ടുമൂഴിയിലെ വാടക വീട്ടിൽ ഒമ്പത് മാസത്തോളമായി താമസിച്ചു വരികയാണ്. ഇയാൾ നെയ്യാറ്റിൻകര അമരവിളയിൽ റാബിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരുകയാണ്.
ബിജുവിന്റെ ഭാര്യ ഷിജിമോൾ ഇതു സംബന്ധിച്ച് കാട്ടാക്കട പോലീസിൽ പരാതി നൽകിയിരുന്നു.റാബിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലെ സ്ഥാപനത്തിൽ ഓൺലൈൻ ട്രേഡിംഗ്, എയർടിക്കറ്റ് എന്നിവ എടുത്തുകൊടുക്കുന്ന ജോലി ചെയ്തു വരികയായിരുന്നു.
നിരവധി പേരിൽനിന്നും വിസയ്ക്ക് പണം വാങ്ങിയതായും അവർക്ക് വിസ നൽകിയില്ലെന്നും അത്തരത്തിലെ സാമ്പത്തിക ഇടപാടുകളാകാം തട്ടികൊണ്ടു പോകലിനു പിറകിലെന്നും പോലീസ് പ്രാഥമികമായി പറയുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. ആളെ കാട്ടാക്കട സ്റ്റേഷനിൽ എത്തിച്ചു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.