മേല്‍പ്പാല നിര്‍മാണം : ഈഞ്ചക്കല്‍ ഭാഗത്ത് രാത്രികാല ഗതാഗത ക്രമീകരണം ഏർപ്പെടുത്തി
1583073
Monday, August 11, 2025 6:42 AM IST
വലിയതുറ: മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ഈഞ്ചക്കല്‍ ഭാഗത്ത് ഇന്നു മുതല്‍ 17 വരെ രാത്രി 11 മുതല്‍ രാവിലെ അഞ്ചു മണി വരെ പണി നടക്കുന്നതിനാല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
കോവളം ഭാഗത്തുനിന്നും കഴക്കൂട്ടം ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങള്‍ തിരുവല്ലം-അമ്പലത്തറ-അട്ടക്കുളങ്ങര-സ്റ്റാച്യൂ-വിജെടി-പാറ്റൂര്‍-ചാക്ക വഴി ബൈപ്പാസ് റോഡിലെത്തി പോകേണ്ടതാണ്.
കഴക്കൂട്ടം ഭാഗത്തുനിന്നും കോവളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ചാക്ക സര്‍വീസ് റോഡു വഴി പേട്ട-പാറ്റൂര്‍-ആശാന് സ്ക്വയര്‍-പാളയം- സ്റ്റാച്യൂ-അട്ടക്കുളങ്ങര-മണക്കാട്-തിരുവല്ലം വഴി പോകേണ്ടതാണ്.
കിള്ളിപ്പാലം-പവര്‍ഹൗസ് റോഡ് ഭാഗത്തുനിന്നും ഈഞ്ചക്കല്‍ വഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചൂരക്കാട്ടുപാളയം-തമ്പാനൂര്‍-പനവിള-ആശാന് സ്ക്വയര്‍-പാറ്റൂര്‍-ചാക്ക വഴിയോ ശ്രീകണ്ഠേശ്വരം-ഉപ്പിടാമൂട്-പേട്ട-ചാക്ക വഴിയോ ബൈപ്പാസ് റോഡിലെത്തി പോകേണ്ടതാണ്.
കോവളം ഭാഗത്തുനിന്നും എയര്‍പോര്‍ട്ടിലേക്കു വരുന്ന ചെറിയ വാഹനങ്ങള്‍ കുമരിച്ചന്ത-പരുത്തിക്കുഴി സര്‍വീസ് റോഡ് വഴി കല്ലുമൂട്-വലിയതുറ-ശംഖുംമുഖം റോഡിലേയ് ക്ക് തിരിഞ്ഞു പോകേണ്ടതാണ്. അട്ടക്കുളങ്ങര ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്കു പോകുന്ന കാര്‍ ഉള്‍പ്പെടെയുളള ചെറിയ വാഹനങ്ങള്‍ വാഴപ്പളളി-ശ്രീകണ്ഠേശ്വരം-ഉപ്പിടാമൂട്-നാലുമുക്ക്-പേട്ട-ചാക്ക വഴിയും പോകേണ്ടതാണെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.
ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേയ്ക്ക് 0471-2558731, 94979 90005 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.