ക്ഷേത്രക്കവര്‍ച്ച: അന്തര്‍സംസ്ഥാന മോഷ്ടാവ് പോലീസിന്റെ പിടിയില്‍
1583087
Monday, August 11, 2025 6:53 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവിലെ ക്ഷേത്രക്കവര്ച്ചയുമായി ബന്ധപ്പെട്ട് അന്തര്‍സംസ്ഥാന മോഷ്ടാവ് വട്ടിയൂര്‍ക്കാവ് പോലീസിന്റെ പിടിയിലായി. കൊടുങ്ങാനൂര്‍ കടയില്‍മുടുമ്പ് പഴവിളാകത്ത് വീട്ടില്‍ കൊപ്ര ബിജു എന്ന രാജേഷ് (41) ആണ് കടയില്‍മുടുമ്പ് ദേവീക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ പിടിയിലായത്.
കഴിഞ്ഞമാസം 13നായിരുന്നു സംഭവം. കാണിക്കവഞ്ചി കുത്തിത്തുറന്ന് 5000 രൂപ കവരുകയും ക്ഷേത്ര ഓഫീസിലെ അലമാര പൊളിച്ച് സ്വർണപ്പൊട്ടുകള്‍ കവരുകയും ചെയ്ത ഇയാള്‍ അമ്പലത്തിലെ മൂന്ന് ഉരുളികളും മോഷ്ടിച്ചുകൊണ്ടുപോയി. വട്ടിയൂര്‍ക്കാവ് സ്റ്റേഷന് പരിധിയിലെ ഒരു വീട്ടില്‍ കവര്‍ച്ചാശ്രമം നടത്തിയ ഇയാള്‍ മറ്റൊരു വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിക്കുകയും ചെയ്തു.
ഒരു വീടിന്റെ വാതില്‍ പൊളിച്ച് മൊബൈല്‍ഫോണ്‍ മോഷ്ടിച്ച് ബീമാപ്പള്ളിയില്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ വട്ടപ്പാറ സ്റ്റേഷനില്‍ കേസുണ്ട്. പ്രതി പിടിയിലായതോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മോഷണങ്ങളുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
ഈ ഭാഗത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ രാജേഷിന്റെ രൂപത്തിനു സമാനമായ ദൃശ്യമാണ് ലഭിച്ചതെന്നു വട്ടിയൂര്‍ക്കാവ് പോലീസ് പറഞ്ഞു. തെക്കന്‍ ജില്ലകളിലും പ്രതി മോഷണം നടത്തിയതായാണു സൂചന. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നുണ്ട്.
ഇയാളുടെ കൂട്ടുപ്രതികളില്‍ ഉള്‍പ്പെട്ട ഒരു പുരുഷനെയും സ്ത്രീയെയും ഈമാസം ആറിന് ബീമാപ്പള്ളി ഭാഗത്തുനിന്നു പോലീസ് പിടികൂടിയിരുന്നു. കന്റോണ്‍മെന്റ് എസി സ്റ്റ്യുവര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ സിഐ വി. അജേഷ്, എസ്ഐ തോമസ് ഹീറ്റസ്, ജിഎസ്ഐ വിജയകുമാര്‍, സിപിഒമാരായ അനൂപ്, രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം കല്ലമ്പലത്തെ ഒളിസങ്കേതത്തില്‍ നിന്നാണ് രാജേഷിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.