ടിപ്പർ ലോറി കയറി യുവാവിന് ദാരുണാന്ത്യം
1583118
Monday, August 11, 2025 10:30 PM IST
പൂവാർ: പിറകോട്ടെടുത്ത ടിപ്പർ ലോറി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ടിപ്പറിനു പിറകിൽ ബൈക്കുമായി നിൽക്കുകയായിരുന്ന യുവാവാണ് മരിച്ചത്. ബൈപാസിൽ നിർമാണ പ്രവർത്തനത്തിനുള്ള സാധനങ്ങൾ ഇറക്കിയശേഷം മുന്നറിയിപ്പില്ലാതെ ടിപ്പർ ലോറി പുറകിലേക്കെടുക്കുകയായിരുന്നു.
തമിഴ്നാട് കന്യാകുമാരി വിളവംകോട് അടക്കാക്കുഴി ഇരിത്തം കോട് മേക്കെ പുത്തൻവീട്ടിൽ അപ്പിക്കുഞ്ഞന്റെയും വത്സലയുടെയും മകൻ ശരത് (24) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെ കോവളം-കാരോട് ബൈപാസിൽ മണ്ണക്കല്ലിന് സമീപമായിരുന്നു സംഭവം.
ബൈപാസിന് മുകളിൽ കൂടി പാലം പണി നടക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ ഇടുങ്ങിയ റോഡ് മാത്രമാണുള്ളത്. ഇവിടെ നിന്ന് പുറകോട്ടെടുത്ത ലോറിയാണ് അപകടം വരുത്തിയത്.
ഗുരുതരമായി പരിക്കേറ്റ ശരത്തിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. തിരുവനന്തപുരത്തെ ഒരു പ്രമുഖ ഹോട്ടലിലെ ജീവനക്കാരനായിരുന്നു.
പൂവാർ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഏകസഹോദരൻ സന്തോഷ് .