ടിപ്പർ പിന്നോട്ടെടുത്തപ്പോഴുണ്ടായ അപകടം: ജീവിതം കൈപിടിയിൽ എത്തും മുന്പെ ശരത് യാത്രയായി
1583265
Tuesday, August 12, 2025 3:35 AM IST
വിഴിഞ്ഞം : കുടുംബം പോറ്റാൻ കഴിയുംവിധം പണമുണ്ടാക്കിയാൽ പ്രേമിച്ച പെണ്ണിനെ വിവാഹം കഴിച്ച് കൊടുക്കാമെന്നു വീട്ടുകാർ. കഷ്ടപ്പെട്ടു പഠിച്ചു തൊഴിൽ സമ്പാദിച്ചു. വാഗ്ദാനം സഫലമാകും മുൻപേ ടിപ്പറിന്റെ രൂപത്തിൽ വിധിയെത്തി.
കെട്ടാൻ പോകുന്ന പെൺകുട്ടിയുടെ കുടുംബക്കാരുടെ കൺമുന്നിൽതന്നെ എല്ലാം അവസാനിച്ചു. വിവാഹ നിശ്ചയത്തിനുള്ള മോതിരവും വസ്ത്രങ്ങളും വാങ്ങിയുള്ള മടങ്ങിവരവ് കന്യാകുമാരി വിളവംകോട് അടക്കാക്കുഴി ഇരിത്തംകോട് മേലെ പുത്തൻവീട്ടിൽ ശരത്തിന്റെ അവസാന യാത്രയായി.
ഞായറാഴ്ച വൈകുന്നേരം കോവളം - കാരോട് ബൈപ്പാസിൽ മണ്ണക്കല്ലിൽ നടന്ന അപകടമാണു നാട്ടുകാരെയും പോലീസിനെയും ഏറെ വിഷമത്തിലാക്കിയത്. ഒരു ടിപ്പർ ലോറി ഡ്രൈവറുടെ കുറച്ച് നേരത്തെ അശ്രദ്ധയാണു വിലപ്പെട്ട ജീവൻ നഷ്ടമാകാൻ വഴിയൊരുക്കിയത്. പഠിത്തത്തിൽ മിടുക്കനായ ശരത് സമീപവാസിയായ യുവതിയുമായി നേരത്തെ അടുപ്പത്തിലായിരുന്നു. ഒരു തൊഴിൽ സമ്പാദിച്ചാൽ വിവാഹം നടത്തിക്കൊടുക്കാമെന്നു യുവതിയുടെ വീട്ടുകാർ വാഗ്ദാനവും നൽകി.
പഠനത്തിൽ പുറകിലാകാത്ത ശരത് ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കി തലസ്ഥാനത്തെ പ്രമുഖ ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചു. അങ്ങനെ വിവാഹ കാര്യത്തിൻ ഒരു തീരുമാനവുമുണ്ടായി. വിവാഹ നിശ്ചയത്തിനായി ദിവസംകുറിച്ച വീട്ടുകാർ കൈമാറാനുള്ള മോതിരവും വസ് ത്രങ്ങളും എടുക്കാൻ ഞായറാഴ്ച പെൺകുട്ടിയോടൊപ്പം തലസ്ഥാനത്ത് എത്തി. ശരത്തും സുഹൃത്തുക്കളും ഇവരോടൊപ്പം ചേർന്നു.
ആഭരണവും വസ്ത്രങ്ങളും എടുത്തശേഷം ശരത്ത് ബൈക്കിലും യുവതിയുടെ വീട്ടുകാർ തൊട്ടുപുറകിൽ കാറിലുമായി വീട്ടിലേക്കു യാത്ര പുറപ്പെട്ടു. ബൈപാസിലൂടെ മണ്ണക്കല്ല് ഭാഗത്തു വരുന്നതിനിടയിൽ വിധി ടിപ്പറിന്റെ രൂപത്തിൽ എത്തി. സാധനങ്ങൾ ഇറക്കിയ ശേഷം പുറകോട്ടു ടിപ്പർ ലോറി എടുക്കുന്നതുകണ്ട നാട്ടുകാർ ഉറക്കെ വിളിച്ചു നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പുറകിൽ നിന്ന ശരത്തിന്റെ പുറത്തുകൂടി ടിപ്പറിന്റെ പിൻചക്രം കയറിയിറങ്ങി അരയ്ക്കു താഴെ ചതഞ്ഞരഞ്ഞു. വലതു കാൽ തുടയുടെ ഭാഗത്തു വച്ചു മുറിഞ്ഞുമാറി. ഇടതുകാലും രണ്ടു കിഡ്നികളും ചതഞ്ഞരഞ്ഞു.
അപകടം കണ്ട യുവതിയുടെ കുടുംബക്കാർ വാഹനം നിർത്തി ഓടിയെത്തി. ഇതിനിടയിൽ നാട്ടുകാരും പൂവാർ പോലീസും രക്ഷക്കായി പാഞ്ഞടുത്തു. അപ്പോഴും ഓർമ്മ നഷ്ടപ്പെടാതെ ജീവനുണ്ടായിരുന്ന ശരത് താൻ രക്ഷപ്പെടുമേ എന്ന് ആശുപത്രിയിലേക്ക് ആംബുലൻസിൽ കയറ്റുന്നതിനിടയിൽ പോലീസിനോടും ബന്ധുക്കളോടും തിരക്കി. അവർ ൽകിയ ഉറപ്പുമായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെക്കുള്ള യാത്രാമധ്യേ ഏറെ ക്ഷീണിതനുമായി. മുറിഞ്ഞ കാലുമായി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവിതത്തിലേക്കു തിരിച്ച് വരാനുള്ള ആഗ്രഹം സഫലമാക്കാനാകാതെ ഇന്നലെ യാത്രയായി. അപകടം നടന്നത് കണ്ട നാട്ടുകാർ ടിപ്പർ ഡ്രൈവറെയും കൈകാര്യം ചെയ്തു. പരിക്കേറ്റ ഡ്രൈവറെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
എസ്. രാജേന്ദ്രകുമാർ