വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
1582910
Sunday, August 10, 2025 11:58 PM IST
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ വള്ളം തിരയിൽ പെട്ടു മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം നാലാം ദിനം കരയ്ക്കടിഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ വള്ളം മറിഞ്ഞു കാണാതായ വെട്ടുകാട് തൈവിളകം വീട്ടിൽ ടിസി 90/1358 അലക്സ് പെരേര (60)യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ ആറിന് കണ്ണാന്തുറ ചെറുവെട്ടുകാടിനു സമീപം കടൽതീരത്ത് അടിഞ്ഞത്. സെന്റ് ആൻഡ്രൂസിൽ (പുത്തൻതോപ്പ് മത്സ്യഗ്രാമം) നിന്ന് ഏഴു മത്സ്യത്തൊഴിലാളികളുമായി മീൻ പിടിക്കാൻ പോയ വള്ളമാണ് തിരയിൽ പെട്ടു മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മറ്റാറുപേർ നീന്തി രക്ഷപെട്ടെങ്കിലും അലക്സ് പെരേരയെ കണ്ടെത്താനായില്ല.
തീരത്ത് നിന്ന് അര കിലോമീറ്റർ ദൂരത്തെത്തിയപ്പോൾ ഉണ്ടായ ശക്തമായ തിരയിൽപ്പെട്ടു വള്ളംമറിയുകയായിരുന്നുവെന്ന് രക്ഷപെട്ടെത്തിയവർ പറഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മേരി ജോണ്, ജയിംസ്, ആന്റണി, ജോയി, തദയൂസ്, ജയിംസ് ആന്റണി എന്നിവരാണ് നീന്തി രക്ഷപെട്ടത്. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും അലക്സ് പെരേരയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഭാര്യ: ഷൈനി അലക്സ്. മക്കൾ: സിനി അലക്സ്, നവ്യ അലക്സ്.