"എനിക്കു ഞാനാകാനേ കഴിയൂ; സിപിഐയേ പണയം വയ്ക്കില്ല' : വികാരാധീനനായി ബിനോയ് വിശ്വം
1582701
Sunday, August 10, 2025 6:36 AM IST
തിരുവനന്തപുരം : സിപിഐ ജില്ലാ സമ്മേളനത്തിൽ മറുപടി പ്രസംഗത്തിൽ വികാരാധീനനായി പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മഹാന്മാരായ വെളിയം ഭാർഗവനും സി.കെ. ചന്ദ്രപ്പനുമാകാൻ ബിനോയ് വിശ്വത്തിനു കഴിയില്ല. പക്ഷേ സിപിഐയെ നിങ്ങളിൽ ചിലർ ഇപ്പോൾ വിമർശിക്കുന്നതുപോലെ അങ്ങനയൊന്നും സിപിഎം പാളയത്തിൽ കെട്ടിയിടാൻ താൻ ശ്രമിച്ചിട്ടില്ല.
അതിനുദാഹരണമാണ് ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തു നിന്നും ഇ.പി. ജയരാജനെ മാറ്റിയത്. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേകറെ ജയരാജൻ കണ്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐ കർക്കശമായ നിലപാടെടുത്തതുകൊണ്ടാണു കണ്‍വീനർ സ്ഥാനത്തുനിന്നും ഇപിയെ മാറ്റാൻ സിപിഎം നേതൃത്വം നിർബന്ധിതമായത്.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും വൈകയാണെങ്കിലും മാറ്റിയില്ലേ..? ഇതൊക്കെ സിപിഐയുടെ നിലപാടുകൊണ്ടാണെന്നു നമ്മുടെ സഖാക്കളെങ്കിലും മനസിലാക്കണമെന്നു ഇന്നലെ സംഘടനാ-പ്രവർത്തന റിപ്പോർട്ടി ന്മേലുള്ള മറുപടി പ്രസംഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനത്തിൽ എല്ലാം ശരിയാകുമെന്നു നമുക്കാർക്കും ഒരു പ്രതീക്ഷയും വേണ്ട. തിരുത്തൽ ശക്തിയാകാൻ സിപിഐ എല്ലാക്കാലവും ശ്രമിച്ചിട്ടുണ്ട്. കാനം രാജേന്ദ്രന്റെ കാലത്തു നിങ്ങൾക്ക് ഓർമയില്ലേ. നയപരമായ കാര്യങ്ങളിൽ കാനം എന്തെങ്കിലും വിട്ടുവീഴ്ചയ്ക്കു തയാറായിട്ടുണ്ടോ..? സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാനം അഡ്ജസ്റ്റു ചെയ്തിട്ടില്ലേ..? എന്താ കാര്യം. ഇടതു സർക്കാർ നന്നായി മുന്നോട്ടു പോകണം.
അപ്പോൾ ചിലപ്പോൾ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അതു നയപരമായ കാര്യങ്ങളിൽ ഒരിക്കലും ഉണ്ടായിട്ടില്ല. കാനം മുന്നോട്ടുകൊണ്ടുപോയ ആ നിലപാടുകളിൽ സഖാക്കളേ ഒരു വിട്ടുവീഴ്ചയും ബിനോയ് വിശ്വം സ്വീകരിക്കുകയില്ലെന്നു മാത്രമല്ല കൂടുതൽ കരുത്തതോടെ സിപിഐയെ മുന്നോട്ടു കൊണ്ടുപോകാൻ പാർട്ടി നേതൃത്വം ശ്രമിക്കുമെന്നും മറുപടി പ്രസംഗത്തിൽ ബിനോയ് പറഞ്ഞു.
സിപിഐ വിട്ടുവീഴ്ച ചെയ്യാത്തതുകൊണ്ടാണു രാജ്സഭയിൽ പോലും പാർട്ടിക്ക് ഇപ്പോൾ എംപിയെ ലഭിച്ചത്. തിരുവനന്തപുരം ലോക്സഭാ സീറ്റിൽ പാർട്ടി നിരന്തരമായി പരാജയപ്പെടുന്നതും മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെടുന്നതും ഗൗരവമായി കാണേണ്ടതാണെന്നു മറുപടി പ്രസംഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു. മഹാ ന്മാരായ കെ.വി. സുരേന്ദ്രനാഥും പി.കെ. വാസുദേവൻ നായരും വിജയിച്ച മണ്ഡലമാണ്. പന്ന്യൻ രവീന്ദ്രനും വിജയിച്ചില്ലേ. പരിശോധിക്കണം. ഇതായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
മാങ്കോട് രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറി
തിരുവനന്തപുരം : സിപിഐ ജില്ലാ സെക്രട്ടറിയായി മാങ്കോട് രാധാകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. 53 അംഗം ജില്ലാ കൗണ്‍സിലും നിലവിൽ വന്നു. നിലവിലെ കൗണ്‍സിലിൽ നിന്നും എട്ടു പേരെ ഒഴിവാക്കി. 14 പേർ പുതുതായി ജില്ലാ കൗണ്‍സിലിൽ ഇടം നേടി. ജില്ലാ എക്സിക്യൂട്ടീവിനേയും അസിസ്റ്റന്റ് സെക്രട്ടറിമാരേയും പിന്നീടു തീരുമാനിക്കും.