അന്പൂരിയിൽനിന്നു പിടിച്ചു മാറ്റിയ പുലി ചത്തു
1582702
Sunday, August 10, 2025 6:36 AM IST
നെയ്യാർഡാം : നെയ്യാർ പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയ പുലി ചത്തു. അമ്പൂരി കാരിക്കുഴിയിൽ മയക്കുവെടിവച്ച പുലിയാണു ചത്തത്. വെള്ളിയാഴ്ചയാണു പുലിയെ മയക്കുവെടിവച്ച് പിടികൂടിയത്. അതിന്റെ വയറ്റിൽ കമ്പികൊണ്ടുള്ള ആഴത്തിലുള്ള മുറിവുണ്ടായിരുന്നെന്നും ഇതാണു മരണകാരണമെന്നുമാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. 3.5 വയസ് പ്രായമുള്ള പെൺ പുലിയായിരുന്നു ഇത്.
കാരിക്കുഴി തടത്തരികത്തു വീട്ടിൽ സുശീലയുടെ ഉടമസ്ഥതയിലുള്ള റബർത്തോട്ടത്തിൽ, മകനും ടാപ്പിംഗ് തൊഴിലാളിയുമായ ഷൈജുവാണ് ആദ്യം പുലിയെ കണ്ടത്. ഇന്നലെ രാവിലെ റബർ ടാപ്പിംഗിനായി എത്തിയപ്പോഴാണ് ഷൈജു പുലിയെ കണ്ടത്. പാറയിടുക്കിലെ ചെറിയ കുഴിയിൽ കാട്ടുവള്ളിയുടെ കുരുക്കിൽവീണു കിടക്കുകയായിരുന്നു. ഷൈജുവിനെയും ഒപ്പമുണ്ടായിരുന്ന സുരേഷിനെയും കണ്ടതോടെ, പുലി ആക്രമിക്കാൻ ശ്രമിച്ചു.
പേടിച്ച് ഓടുന്നതിനിടയിൽ സുരേഷിനു വീണു പരിക്കേറ്റിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു വനംവകുപ്പ് ഉദ്യോഗസ്ഥരും നെയ്യാർഡാം പോലീസും സ്ഥലത്തെത്തി. സോളാർ വേലി സ്ഥാപിക്കുന്നതിനായി കെട്ടിയിരുന്ന കമ്പിയിലും മരക്കുറ്റിയിലുമാണു പുലി കുരുങ്ങിക്കിടന്നിരുന്നത്. വനംവകുപ്പ് ദ്രുതകർമസേനയും മയക്കുവെടി വിദഗ്ദ്ധരും ചേർന്നു മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണു മയക്കുവെടിവച്ചു പുലിയെ പിടികൂടിയത്. മൂന്നുതവണ വെടിവച്ചു. പിന്നീട് കൂട്ടിലാക്കിയ പുലിയെ നെയ്യാർഡാം വന്യജീവി സങ്കേതത്തിലേക്കു മാറ്റിയിരുന്നു.
പുലിയെ നിരീക്ഷിക്കാൻ രണ്ടു വാച്ചർമാരയെും നിയോഗിച്ചിരുന്നു. അവശനിലയിലായിരുന്നു പുലി. തുടർ ചികിത്സയുടെ ഭാഗമായി ഇന്നലെ രാവിലെ ഡോക്ടറെത്തി പരിശോധിച്ചപ്പോഴാണ് പുലി ചത്തെന്നു മനസിലായത്. തുടർന്നു പോസ്റ്റുമോർട്ടവും നടത്തി. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തിട്ടുണ്ട്. വനമേഖലയിലാണ് കെട്ടുകമ്പി ഉപയോഗിച്ചുള്ള കുരുക്ക് വച്ചിരുന്നതെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ അതു പാടെ നിഷേധിക്കുകയാണ് കർഷകൻ. പുലിയുടെ മരണവും ഇനി കർഷകന്റെ തലയിൽവച്ചു കൊട്ടുമോ എന്ന ഭീതിയും ഇവിടുത്തുകാർക്കുണ്ട്. പുലിയുടെ വയറ്റിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇതിനു രണ്ടു ദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് സൂചന. എൻടിസിഎ പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചു പുലിക്കുട്ടിയെ മറവ് ചെയ്തു.
കന്പി മുറുകി ആന്തരിക അവയവങ്ങൾക്കു ക്ഷതമേറ്റിട്ടുണ്ടായിരുന്നുവെന്നും ഇതോടൊപ്പം തന്നെ ആൾക്കൂട്ടത്തെ കണ്ടു ഭയന്നുള്ള ഭീതി കാര്യമായി പുലിക്കുട്ടിയെ ബാധിച്ചിരുന്നു. ഇതെല്ലാം തന്നെ പുലിക്കുട്ടിക്കു ജീവൻ നഷ്ടപ്പെടുന്നതിലേക്കുള്ള കാരണമായി കരുതുന്നതായി വെറ്റിനറി ഡോ. എസ്.ജെ. അരുൺകുമാർ പറഞ്ഞു.