പൈലറ്റ് ഗൗതം സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
1582704
Sunday, August 10, 2025 6:36 AM IST
പേരൂര്‍ക്കട: കാനഡയിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച മലയാളി പൈലറ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. പൂജപ്പുര ശ്രീ ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗര്‍ ശ്രീശൈലത്തില്‍ അഡ്വ. കെ.എസ്. സന്തോഷ്കുമാര്‍-എല്‍.കെ ശ്രീകല ദമ്പതികളുടെ മകന് ഗൗതം സന്തോഷ് (27) ആണ് മരിച്ചത്.
ജൂലൈ 26 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 5.30നു ന്യൂ ഫൗണ്ട്ലാന്ഡിലെ ഡീര്‍ തടാകത്തിനു സമീപം വിമാനം തകര്‍ന്നു വീഴുകയായിരുന്നു. കിസിക് ഏരിയല്‍ സർവേ ഇന്‍കോര്‍പ്പറേറ്റഡ് എന്ന കമ്പനിയുടെ കൊമേര്‍ഷ്യല്‍ സർവേ എയര്‍ക്രാഫ്റ്റ് എന്ന വിമാനമാണ് ഉയര്‍ന്നുപൊങ്ങിയ ഉടന്‍തന്നെ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ഗൗതമിനൊപ്പം സഹജീവനക്കാരനും അപകടത്തില്‍ മരിക്കുകയായിരുന്നു.
2019-ലാണ് ഗൗതം സന്തോഷ് കാനഡയിലെത്തിയത്. ഫ്ളയിംഗ് ഇന്‍സ്ട്രക്ടറും പൈലറ്റുമായി ജോലിചെയ്തുവരികയായിരുന്നു. രണ്ടുമാസം മുമ്പാണ് കിസിക് ഏരിയല്‍ സർവേ ഇന്‍കോര്‍പ്പറേറ്റഡ് എന്ന കമ്പനിയില്‍ ചേര്‍ന്നത്.
തീപിടിത്തത്തെ തുടർന്നു വിമാനം ഉള്‍പ്പെടെ ചാരമായി മാറിയിരുന്നു. ബന്ധുക്കള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗൗതമിന്റെ ശരീരഭാഗങ്ങള്‍ തിരിച്ചറിയുകയും നാട്ടിലേക്ക് എത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുള്ളത്. ഗൗതമിന്റെ മൃതശരീരം കാനഡയില്‍ത്തന്നെ സംസ്കരിക്കാമെന്ന നിലപാടിലായിരുന്നു കനേഡിയല്‍ അധികൃതര്‍. എന്നാല്‍ ഗൗതമിന്റെ ബന്ധുകൂടിയ എന്‍. ശക്തന്റെ ഇടപെടലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനു വഴിതെളിച്ചത്. ശശി തരൂര്‍ എംപി ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുകയുണ്ടായി.
ഇന്ത്യന്‍ എംബസിയും നോര്‍ക്കയും നടത്തിയ ഇടപെടലുകളും മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള തടസങ്ങള്‍ മാറ്റാന്‍ സഹായകമായി. കാനഡയിലെ സെന്റ് ജോണ്‍സ് ഹെല്‍ത്ത് സയന്‍സ് സെന്ററില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹഭാഗങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.45നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചേരുന്നത്. എയര്‍ഇന്ത്യ വിമാനത്തിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 1.30വരെ പൂജപ്പുരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു സംസ്കാരച്ചടങ്ങുകള്‍ നടത്തും.